Quantcast

ലോക്ഡൗണില്‍ കൂടുതൽ ഇളവുകളില്ല: വാരാന്ത്യ ലോക്ഡൗണ്‍ തുടരും

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടുന്നു, സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിമര്‍ശനം എന്നിവ പരിഗണിച്ചാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്.

MediaOne Logo

Web Desk

  • Updated:

    2021-07-20 12:42:37.0

Published:

20 July 2021 12:00 PM GMT

ലോക്ഡൗണില്‍ കൂടുതൽ ഇളവുകളില്ല: വാരാന്ത്യ ലോക്ഡൗണ്‍ തുടരും
X

സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതൽ ഇളവുകൾ ഉണ്ടാകില്ല. വാരാന്ത്യ ലോക്ഡൗണ്‍ തുടരാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടുന്ന സാഹചര്യം, സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിമര്‍ശനം എന്നിവ പരിഗണിച്ചാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.

നിയന്ത്രണ രീതിയില്‍ ചില മാറ്റങ്ങള്‍ അവലോകനയോഗം ചര്‍ച്ച ചെയ്തു. ടിപിആര്‍ 15 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൌണാണ്. നിലവില്‍ കുറേ പ്രദേശങ്ങളില്‍ ഒരുപാട് നാളായി ഈ നിയന്ത്രണമുണ്ട്. പഞ്ചായത്ത് തിരിച്ചുള്ള നിയന്ത്രണമാകുമ്പോള്‍ ഒരു പ്രദേശം പൂര്‍ണമായി അടച്ചിടുന്ന സാഹചര്യമാണ്. അതിനുപകരം എവിടെയാണോ കോവിഡ് വ്യാപനം കൂടുതല്‍ അവിടെ മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുകളായി തിരിച്ച് നിയന്ത്രണങ്ങള്‍ പുനക്രമീകരിക്കാനാണ് ആലോചിക്കുന്നത്.

ലോക്ഡൌണില്‍ കൂടുതല്‍ ഇളവുകളും വാരാന്ത്യ ലോക്ഡൌണ്‍ പിന്‍വലിക്കുന്നതും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. അതിനിടെയിലാണ് സുപ്രീംകോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനമുണ്ടായത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടെന്ന തീരുമാനത്തിലേക്ക് അവലോകനയോഗം എത്തുകയായിരുന്നു.

സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ നൽകിയത് ചോദ്യംചെയ്തുള്ള ഹരജിയിലാണ് സംസ്ഥാന സ൪ക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷ വിമ൪ശം ഉന്നയിച്ചത്. തീവ്ര രോഗ ബാധയുള്ള കാറ്റഗറി ഡി മേഖലകളിൽ സമ്പൂ൪ണ ഇളവ് നൽകിയത് അപകടകരമായ തീരുമാനമാണ്. പൗരന്റെ ജീവനും ആരോഗ്യവും മൗലികാവകാശങ്ങളാണ്. ഇത് സംരക്ഷിക്കേണ്ടത് സ൪ക്കാറിന്റെ ഭരണഘടനപരമായ ബാധ്യതയാണ്. ഏതെങ്കിലും മതവിഭാഗങ്ങളുടെയോ മറ്റേതെങ്കിലും സംഘങ്ങളുടെയോ സമ്മ൪ദത്തിന് വഴങ്ങി ഈ അവകാശങ്ങൾ ഹനിക്കാനാവില്ല. സമ്മ൪ദത്തിന് വഴങ്ങി തീരുമാനമെടുക്കുന്ന സ്ഥിതിവിശേഷം ദയനീയമാണ്. സംസ്ഥാനത്തെ ഇളവുകൾ വഴി രാജ്യത്തെ പൗരന്മാരുടെ ജീവൻ തന്നെ അപകടത്തിലാകും. കൂടുതൽ കോവിഡ് വ്യാപനത്തിന് ഇളവ് കാരണമായാൽ തുട൪ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

നേരത്തെ ഹരജി നൽകിയിരുന്നെങ്കിൽ ഇളവ് നൽകിയ വിജ്ഞാപനം തന്നെ റദ്ദാക്കുമായിരുന്നുവെന്നും ജസ്റ്റിസ് ആ൪ എഫ് നരിമാൻ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഉത്തർപ്രദേശിലെ കാവഡ് തീർത്ഥാടന യാത്ര അടക്കം ഉപേക്ഷിച്ച പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ ഇളവുകൾ നൽകുന്നത് മത-സാമുദായിക പരിഗണന വച്ചാണെന്ന് ആരോപിച്ച് ഡൽഹി സ്വദേശി പി.കെ ഡി നമ്പ്യാർ നൽകിയ ഇടക്കാല അപേക്ഷയിലാണ് കോടതി നടപടി.

വിദഗ്ധരുമായി കൂടിയാലോചിച്ചാണ് ഇളവു നൽകിയതെന്നും വ്യാപാരികളും പ്രതിപക്ഷവും ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നുവെന്നും നേരത്തെ തന്നെ ലോക്ഡൗൺ ഇളവുകൾ നൽകിവരുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ൪ക്കാ൪ വാദങ്ങൾ തള്ളിയാണ് കോടതിയുടെ പരാമ൪ശങ്ങൾ.

TAGS :

Next Story