Quantcast

കോവിഡിൽ ആശങ്ക വേണ്ട, സംസ്ഥാനം സുസജ്ജം: മന്ത്രി വീണാ ജോർജ്

രോഗലക്ഷണമുള്ളവർക്ക് മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യമെന്നും മന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-12-19 14:21:02.0

Published:

19 Dec 2023 12:33 PM GMT

We will not allow the Prime Ministers picture to be placed in those houses: Minister Veena George in Life Project
X

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറിയ തോതിൽ വർധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് കേസിലുള്ള വർധനവ് നവംബർ മാസത്തിൽ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തിൽ യോഗങ്ങൾ ചേർന്ന് ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു. മാർഗനിർദേശങ്ങളും പുറത്തിറക്കിയിരുന്നു. സ്റ്റേറ്റ് മെഡിക്കൽ ഓഫീസർമാരുടെ കോൺഫറൻസിലും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകൾ അയക്കാനും നിർദേശം നൽകിയിരുന്നു. മാത്രമല്ല ഈ മാസത്തിൽ കോവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതൽ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നേതൃത്വത്തിൽ നിലവിലെ കോവിഡ് സാഹചര്യവും ആശുപത്രി സംവിധാനവും വിലയിരുത്തി. സംസ്ഥാനത്ത് നിരീക്ഷണം കൂടുതൽ ശക്തമാക്കും. ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവർത്തനങ്ങൾ നടത്തും. ആശുപത്രികൾ കോവിഡ് രോഗികൾക്ക് പ്രത്യേക സൗകര്യമൊരുക്കണം. ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡിക്കൽ കോളജിൽ റഫർ ചെയ്യാതെ ജില്ലകളിൽ തന്നെ ചികിത്സിക്കണം. ഇതിനായി നിശ്ചിത കിടക്കകൾ കോവിഡിനായി ജില്ലകൾ മാറ്റിവയ്ക്കണം. ഓക്സിജൻ കിടക്കകൾ, ഐ.സി.യു, വെന്റിലേറ്റർ എന്നിവ നിലവിലുള്ള പ്ലാൻ എ, ബി അനുസരിച്ച് ഉറപ്പ് വരുത്തണം. ഡയാലിസിസ് രോഗികൾക്ക് കോവിഡ് ബാധിച്ചാൽ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.

കോവിഡ് രോഗലക്ഷണമുള്ളവർക്ക് മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണം. കോവിഡ് പോസിറ്റീവായാൽ ചികിത്സിക്കുന്ന ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവരും മാസ്‌ക് ധരിക്കണം.

നിലവിലെ ആക്ടീവ് കേസുകളിൽ ബഹുഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണങ്ങളുള്ളതിനാൽ വീടുകളിലാണുള്ളത്. മരണമടഞ്ഞവരിൽ ഒരാളൊഴികെ എല്ലാവരും 65 വയസിന് മുകളിലുള്ളവരാണ്. കൂടാതെ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ തുടങ്ങിയ ഗുരുതര അനുബന്ധ രോഗങ്ങൾ ഉള്ളവരുമായിരുന്നു. ഫലം ലഭിച്ചതിൽ ഒരു സാമ്പിളിൽ മാത്രമാണ് ജെഎൻ-1 ഒമിക്രോൺ വേരിയെന്റാണ് സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമാകുകയും ചെയ്തു.

ആശുപത്രികളിലുള്ള ഐസൊലേഷൻ വാർഡുകൾ, റൂമുകൾ, ഓക്സിജൻ കിടക്കകൾ, ഐ.സി.യു കിടക്കകൾ, വെന്റിലേറ്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ഡിസംബർ 13 മുതൽ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സർക്കാർ, സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തി ഓൺലൈൻ മോക് ഡ്രിൽ നടത്തി. ഓക്സിജൻ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐ.സി.യു കിടക്കകളും 937 വെന്റിലേറ്റർ സൗകര്യമുള്ള ഐ.സി.യു കിടക്കകളുമുണ്ട്.

ഓൺലൈൻ വഴി ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, കെ.എം.എസ്.സി.എൽ. മാനേജിംഗ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, സർവെലൻസ് ഓഫീസർമാർ, പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാർ തുടങ്ങിയവർ പങ്കെടുത്തു.

TAGS :

Next Story