Quantcast

മറ്റു മതങ്ങളുടെ ആഘോഷങ്ങളിലുള്ള സൗഹൃദം എപ്പോഴുമുള്ളത്; അതിനു തടസ്സമില്ല-കാന്തപുരം

അരനൂറ്റാണ്ടായി താന്‍ സമസ്തയിൽ വന്നിട്ട്. അതിപ്പോഴും തുടരുന്നു. സമസ്ത 100-ാം വാർഷിക പരിപാടികൾ സുന്നി ഐക്യത്തിനു തടസമാകില്ലെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

MediaOne Logo

Web Desk

  • Updated:

    2023-12-26 09:02:53.0

Published:

26 Dec 2023 8:07 AM GMT

Friendship in the celebrations of other religions is always there; There is no objection to it: Says Kanthapuram AP Abubakr Musliyar, Samstha 100th anniversary, Samastha centenary
X

കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാര്‍

കോഴിക്കോട്: ആഘോഷത്തിൽ പങ്കെടുക്കലും സംസ്‌കാരം പകർത്തിയെടുക്കലും തമ്മിൽ വ്യത്യാസമുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ആഘോഷങ്ങളിലുള്ള സൗഹൃദം എപ്പോഴും നടന്നുവരുന്നതാണ്. അതിന് ഇതുവരെയും ആരും തടസ്സം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ 100-ാം വാർഷികം സ്വന്തമായി നടത്തുന്നത് സുന്നി ഐക്യത്തിനു തടസമാകില്ലെന്നും കാന്തപുരം പറഞ്ഞു.

സമസ്ത 100-ാം വാർഷിക പ്രഖ്യാപനവുമായി ബന്ധപ്പെട്ടു വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ആഘോഷത്തിൽ പങ്കെടുക്കലും സംസ്‌കാരം പകർത്തിയെടുക്കലും തമ്മിൽ വ്യത്യാസമുണ്ടാകും. മറ്റു സമുദായങ്ങളുടെ സംസ്‌കാരം ഇങ്ങോട്ട് പകർത്തേണ്ടതില്ല. അതേസമയം, ആഘോഷങ്ങളിൽ സൗഹൃദം എപ്പോഴും നടന്നുവരുന്നതാണ്. അതിന് ഇതുവരെയും ആരും തടസ്സം പറഞ്ഞിട്ടില്ല.''-കാന്തപുരം അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കി.

സൗഹൃദം വേണമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യാ രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. മറ്റു സമുദായങ്ങൾ ജീവിക്കുന്ന നാടാണ്. മമ്പുറം തങ്ങൾ, ഉമർ ഖാദി തുടങ്ങിയവവരെല്ലാം ഇവിടത്തെ വലിയ നേതാക്കളാണ്. അവരെല്ലാം അന്യമതക്കാരുമായി വളരെ സൗഹൃദത്തിൽ ജീവിച്ചാണു നമുക്ക് കാണിച്ചുതന്നിട്ടുള്ളത്. പഴയ കാലം മുതൽക്കേ അന്യമതക്കാരുടെ ആഘോഷം ഇസ്‌ലാമികമാണെന്നു വരാത്ത വിധത്തിലുള്ളതാണ്. ഇസ്‌ലാമികമായി അംഗീകരിക്കാൻ നിർവാഹമില്ല. എന്നാൽ, ഇസ്‌ലാമികമാണെന്നു വരുത്താത്ത വിധത്തിൽ പണ്ടൊക്കെ ചെയ്ത പോലെ ഇനിയും ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

''ഇ.കെ വിഭാഗവും നൂറാം വാർഷികം നടത്തട്ടെ. ഞാൻ സമസ്തയിൽ വന്നിട്ട് 50ലധികം വർഷമായി. 1974ലാണു സമസ്തയിൽ വന്നത്. അതിനുശേഷം ജോയിന്റ് സെക്രട്ടറിയും പിന്നീട് ജനറൽ സെക്രട്ടറിയുമായി. 60-ാം വാർഷികത്തിൽ സ്വാഗതം പറഞ്ഞത് ഞാനാണ്. അന്നുമുതൽ സമസ്തയിൽ പ്രവർത്തിക്കുന്നുണ്ട്. അതിപ്പോഴും തുടരുകയാണ്.

സമ്മേളനം ആരെങ്കിലും നടത്തിക്കോട്ടെ. അതിൽ വാദപ്രദിവാദത്തിനും തർക്കത്തിനുമില്ല. വാദത്തിനു പോയി ഞങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആഗ്രഹിക്കുന്നില്ല. ഐക്യത്തിന് നൂറാം വാർഷികം ഒരിക്കലും തടസ്സമാകില്ല. ഐക്യമുണ്ടായാൽ സ്വാഗതം ചെയ്യുന്നു. അതിനു വേണ്ടി ഞങ്ങൾ പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്.''-കാന്തപുരം തുടർന്നു.

ശശി തരൂരിന്റെ ഫലസ്തീൻ പ്രസ്താവനയിൽ അഭിപ്രായം പറയേണ്ട ആളല്ല താനെന്നും. ഒരു വ്യക്തിയുടെ അഭിപ്രായത്തിനു മറുപടി പറയേണ്ടത് ഞാനല്ല. അദ്ദേഹം തന്നെയാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണത്തിൽ നിലപാട് കോൺഗ്രസ് തന്നെ പറയട്ടെ. കോൺഗ്രസുകാർക്കു മറുപടി പറയാൻ അവരിൽ തന്നെ നല്ല കഴിവുള്ള ആളുകളുണ്ടാകുമെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ കൂട്ടിച്ചേർത്തു. സമസ്ത നൂറാം വാർഷികാഘോഷ പ്രഖ്യാപനം ഡിസംബർ 30ന് കാസർകോട് ചട്ടഞ്ചാലിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Summary: ''Friendship in the celebrations of other religions is always there; There is no objection to it'': Says Kanthapuram AP Abubakr Musliyar

TAGS :

Next Story