എസ്ഐടിക്ക് മേൽ ആരുടെയും സമ്മർദം ഇല്ല; സ്വതന്ത്രമായി പ്രവർത്തിക്കാമെന്ന് ഡിജിപി
ശബരിമല സ്വർണക്കൊള്ള കേസിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുമെന്നും റവാഡ ചന്ദ്രശേഖർ.

തിരുവനന്തപുരം: എസ്ഐടിക്ക് മേൽ ആരുടെയും സമ്മർദമില്ലെന്നും സ്വതന്ത്രമായി പ്രവർത്തിക്കാമെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. എസ്ഐടി ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. സ്വതന്ത്രമായാണ് അവരുടെ പ്രവർത്തനം. ശബരിമല സ്വർണക്കൊള്ള കേസിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് തെളിവുകൾ പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് അദ്ദേഹം മറുപടി നൽകി. ഹൈക്കോടതി അന്വേഷണത്തിൽ തങ്ങൾ പൂർണ തൃപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രതികരണം. ആറ്റിങ്ങലിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. സ്വർണക്കൊള്ള കേസിലുണ്ടായിരിക്കുന്ന ഏറ്റവും സുപ്രധാന അറസ്റ്റാണ് തന്ത്രിയുടേത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിയുടെ പങ്ക് സ്ഥിരീകരിക്കുന്ന കൃത്യമായ വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്തത്. മുമ്പ് രണ്ട് തവണ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തന്ത്രി ചില അസൗകര്യങ്ങൾ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞവർഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അന്ന് മൊഴി രേഖപ്പെടുത്തിയത്. തന്റെ അനുമതിയില്ലാതെയാണ് വിഗ്രങ്ങൾ സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും സന്നിധാനത്ത് വച്ച് നവീകരിക്കാനാണ് താൻ അനുമതി നൽകിയതെന്നുമായിരുന്നു തന്ത്രി അന്ന് അന്വേഷണ സംഘത്തോട് പറഞ്ഞത്.
പിന്നീട്, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് കണ്ഠരര് രാജീവര് ആണെന്ന മൊഴിയാണ് പത്മകുമാർ നൽകിയത്. ഇതാണ് നിർണായകമായത്.
Adjust Story Font
16

