ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: അഞ്ച് മാസം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണം
ജയിലിലെ കാര്യങ്ങൾ നേരിട്ട് പരിശോധിക്കാൻ പോലും രണ്ട് ദിവസം കണ്ണൂരിൽ ഉണ്ടായിരുന്ന സംഘം തയാറായില്ലന്നും ആക്ഷേപം ഉണ്ട്.

കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് അന്വേഷണം എങ്ങുമെത്തിയില്ല. സംഭവം നടന്ന് അഞ്ച് മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിക്കാൻ പോലും പ്രത്യേക സംഘത്തിന് സാധിച്ചിട്ടില്ല. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ചയിലും നടപടി വൈകുകയാണ്.
കഴിഞ്ഞ ജൂലൈ 24നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി രക്ഷപെട്ടത്. മണിക്കൂറുകൾക്കകം പിടിയിലായെങ്കിലും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജയിൽചാട്ടം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. റിട്ടയേർഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരും മുൻ ഡിജിപി ജേക്കബ് പുന്നൂസും അടങ്ങിയ സംഘമാണ് അന്വേഷിച്ചത്. എന്നാൽ ഇവർ ഇതുവരെ സർക്കാരിന് ഒരു റിപ്പോർട്ടും നൽകിയിട്ടില്ല.
മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നായിരുന്നു ആദ്യ നിർദേശം. എന്നാൽ സമയം കൂട്ടിത്തരണമെന്ന് ആദ്യം തന്നെ സംഘം ആവശ്യപ്പെട്ടിരുന്നു. ഒരു തവണ ജയിൽ സന്ദർശിച്ചതിൽ ഒതുങ്ങി സംഘത്തിൻ്റെ അന്വേഷണം. ജയിലിലെ കാര്യങ്ങൾ നേരിട്ട് പരിശോധിക്കാൻ പോലും രണ്ട് ദിവസം കണ്ണൂരിൽ ഉണ്ടായിരുന്ന സംഘം തയാറായില്ലന്നും ആക്ഷേപം ഉണ്ട്.
സംഭവം നടന്നതിന് പിന്നാലെ ജയിലിലെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതോടെ വകുപ്പുതല അന്വേഷണവും വഴിമുട്ടി. സുരക്ഷാ വീഴ്ച അടക്കം വ്യക്തമായതിനെ തുടർന്ന് ജയിൽചാട്ടത്തിൻ്റെ അടുത്ത ദിവസം ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. എന്നാൽ കൊടുംക്രിമിനലുകളെയടക്കം പാർപ്പിച്ചിട്ടുള്ള സെൻട്രൽ ജയിലിലെ സുരക്ഷ വർധിപ്പിക്കാനുള്ള തുടർനടപടിയും അധികൃതർ ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്.
Adjust Story Font
16

