'വെള്ളം കുടിക്കാന്‍ പേടിയാണ്,മൂത്രമൊഴിക്കാന്‍ സൗകര്യമില്ലല്ലോ'; ആയിരങ്ങൾ വന്നു പോകുന്ന എറണാകുളം പുതിയ മാർക്കറ്റിൽ ശൗചാലയമില്ല
ഒന്നരയേക്കർ സ്ഥലത്ത് കൊച്ചി കോർപ്പറേഷൻ 72 കോടി രൂപ ചെലവഴിച്ച് നിർമിച്ചതാണ് പുതിയ മാർക്കറ്റ്

കൊച്ചി: ദിനം പ്രതി ആയിരങ്ങൾ വന്നു പോകുന്ന എറണാകുളം പുതിയ മാർക്കറ്റിൽ ശൗചാലയമില്ല. ശൗചാലയത്തിന് പൂട്ട് വീണതോടെ വ്യാപാരികളും തൊഴിലാളികളും മാർക്കറ്റിൽ വന്നുപോകുന്നവരും ദുരിതത്തിലായി. കരാറുകാരുമായുള്ള തർക്കമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ.
ഒന്നരയേക്കർ സ്ഥലത്ത് കൊച്ചി കോർപ്പറേഷൻ 72 കോടി രൂപ ചെലവഴിച്ച് നിർമിച്ചതാണ് പുതിയ മാർക്കറ്റ്. സുരക്ഷാ ക്യാമറകൾ, ലിഫ്റ്റുകൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ അങ്ങനെ അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമിച്ച നാല് നില മാർക്കറ്റിൽ ഇരുന്നൂറിലധികം കടമുറികൾ. ഇതിൽ ഏറ്റവും കൂടുതൽ വ്യാപാര സ്ഥാപനങ്ങളുള്ള ഗ്രൗണ്ട് ഫ്ലോറിൽ ശുചിമുറികൾ പ്രവർത്തന രഹിതമായിട്ട് ദിവസങ്ങളായി. വെള്ളം കുടിക്കാന്‍ പോലും പേടിയാണെന്നും മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ സൗകര്യമില്ലെന്നും കെട്ടിടത്തിലെ തൊഴിലാളികള്‍ പറയുന്നു. നേരത്തെ മാലിന്യ നീക്കം കൃത്യമായി നടന്നിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതടക്കം നിലച്ചെന്നും തെരുവ് നായ്ക്കളും ഇവിടെ എത്തുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.
കെട്ടിലും മട്ടിലും തലയെടുപ്പുണ്ടെങ്കിലും നടത്തിപ്പിലെ അപാകത പുതിയ മാർക്കറ്റിന് വെല്ലുവിളിയാണ്. പ്രാഥമിക കാര്യങ്ങൾക്ക് പോലും സൗകര്യമില്ലാതായതോടെ ആളുകളും ഇവിടെ അവഗണിച്ചു തുടങ്ങിയെന്നും വ്യാപാരികള്‍ പറയുന്നു.
Adjust Story Font
16

