Quantcast

തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; വിമത സ്ഥാനാർഥികളെ അനുനയിപ്പിക്കാൻ അവസാന ശ്രമവുമായി മുന്നണികൾ

ഇന്ന് മൂന്ന് മണിവരെ നാമനിർദേശ പത്രിക പിൻവലിക്കാൻ സമയമുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-11-24 03:09:26.0

Published:

24 Nov 2025 6:30 AM IST

തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; വിമത സ്ഥാനാർഥികളെ അനുനയിപ്പിക്കാൻ അവസാന ശ്രമവുമായി മുന്നണികൾ
X

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക നൽകിയവർക്ക് ഇന്ന് കൂടി സ്ഥാനാർഥിത്വം പിൻവലിക്കാം.വിമത ഭീഷണിയുള്ള സ്ഥാനാർഥികളെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.

1,54,547 നാമനിർദേശപത്രികൾ ലഭിച്ചപ്പോൾ 2,479 എണ്ണം തള്ളി. തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്കുമെന്നും കമ്മീഷൻ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ സ്ഥാനാർഥിത്വം പിൻവലിക്കാൻ വരണാധികാരിക്ക് നോട്ടീസ് നൽകാം.ഇതിന് ശേഷം അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. വിമതരെ പിൻവലിക്കാനുള്ള നീക്കം മുന്നണികൾ സജീവമാക്കി.തൃശൂർ എൽഡിഎഫിൽ കോർപ്പറേഷനിൽ സീറ്റ് തർക്കത്തെ തുടർന്ന് കേരള കോൺഗ്രസ് സ്വന്തം നിലയ്ക്ക് മൂന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെ പിൻവലിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. കോർപ്പറേഷനിലെ പല വാർഡുകളിലും കോൺഗ്രസിലും വിമതന്മാരുണ്ട്. സിപിഐ പുറത്താക്കിയ ബീനാ മുരളി കൃഷ്ണാ പുരം വാർഡിൽ സ്വതന്ത്രയായി മത്സരിക്കും.

വയനാട് ജില്ലയിൽ കോൺഗ്രസ് വിമത സ്ഥാനാർഥിയായി മത്സരിക്കുന്ന യൂത്ത് കോൺഗ്രസ്‌ നേതാവ് ജഷീർ പള്ളിവയലിന്റെ വിഷയത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഇടപെട്ടതായാണ് സൂചന.

കോഴിക്കോട് കുന്ദമംഗലത്ത് കോൺഗ്രസ് വിമതന്മാരെ പിന്തിരിപ്പിക്കാനുള്ള ചർച്ചകൾ സജീവമാണ്.കോർപറേഷൻ ചാലപ്പുറം വാർഡിൽ കോൺഗ്രസ് വിമതൻ അയുബ് മത്സരരംഗത്ത് തുടരും.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കൊടുമൺ ഡിവിഷൻ യുഡിഎഫ് റിബൽ സ്ഥാനാർഥിയായി പത്രിക നൽകിയ തട്ടയിൽ ഹരികുമാർ പിന്മാറുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ കോൺഗ്രസ് വിമതനായി പ്രേം ജോസ് കൂരമറ്റമാണ് മത്സരിക്കുന്നത്. പാലാ നഗരസഭയിൽ 19ാം വാർഡിൽ സിറ്റിങ് കൗൺസിലറാമായ രാഹുലാണ് കോൺഗ്രസ് വിമത സ്ഥാനാർഥി.

ഏറ്റുമാനൂർ നഗരസഭയിൽ 30ാം വാർഡിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.ജയപ്രകാശിനെതിരെ സിപിഎം പ്രവർത്തകൻ വി.പി ബിനീഷും മത്സരിക്കും. എരുമേലിയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്കെതിരെ ലീഗ് വിമതനും രംഗത്തുണ്ട്. സിറ്റിങ് സീറ്റും പോലും ബിജെപി വിട്ടു നൽകാത്തതിനെ തുടർന്ന് പള്ളിക്കത്തോട്ടിൽ ബിഡിജെഎസ് പ്രതിഷേധ സൂചകമായി ഒരു സീറ്റിലും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു.

കൊല്ലം ജില്ലാ പഞ്ചായത്ത്‌ അഞ്ചൽ ഡിവിഷനിൽ ഡിസിസി നിർവാഹസമിതി അംഗമായ പി.ബി വേണുഗോപാലും, മുസ്‍ലിം ലീഗ് പുനലൂർ നിയോജകമണ്ഡലം വർക്കിംഗ് പ്രസിഡണ്ട് ആയ അഞ്ചൽ ബദറുദിനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒരാളെ മാറ്റാനുള്ള ചർച്ച പുരോഗമിക്കുന്നു. കൊല്ലം കോർപ്പറേഷനിലെ വിമതൻമാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.


TAGS :

Next Story