'അന്യായമായി സംഘം ചേർന്ന് വഴി തടഞ്ഞു'; ആശമാര്‍ക്ക് വീണ്ടും നോട്ടീസ്
സമര നേതാക്കളും സമരവേദിയിൽ എത്തിയ പൊതുപ്രവർത്തകരുമായ 14 പേർക്കെതിരെയാണ് നോട്ടീസ്

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശമാർക്ക് വീണ്ടും പൊലീസ് നോട്ടീസയച്ചു. അന്യായമായി സംഘം ചേർന്ന് വഴി തടഞ്ഞെന്ന് കാട്ടിയാണ് നോട്ടീസ്. സമര നേതാക്കളും സമരവേദിയിൽ എത്തിയ പൊതുപ്രവർത്തകരുമായ 14 പേർക്കെതിരെയാണ് കൻ്റോൺമെൻ്റ് പൊലീസ് നോട്ടീസ് അയച്ചത്. ഡോ.കെ.ജി താര, ഡോ. എം.ബി മത്തായി, ജോസഫ് സി. മാത്യു എന്നിവർക്ക് നോട്ടീസ് അയച്ചു.
ആശാ വർക്കർമാർ എത്രയും വേഗം തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നൽകിയിരുന്നു. ഏതെങ്കിലും പ്രദേശത്ത് ആശാവർക്കർ തിരിച്ചെത്തിയില്ലെങ്കിൽ മറ്റു വാർഡുകളിലെ ആശാവർക്കമാർക്ക് പകരം ചുമതല നൽകണം. ഇതിനോടും ആശാവർക്കർമാർ സഹകരിച്ചില്ലെങ്കിൽ ആരോഗ്യവകുപ്പിലെ ജീവനക്കാർക്കോ സന്നദ്ധ പ്രവർത്തകർക്കോ ചുമതല നൽകണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്.
അതേസമയം ആശമാരുടെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കും. ആശമാർക്ക് പിന്തുണയുമായി അടുത്ത മാസം 3ന് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും. ആശമാർക്കെതിരായ സര്‍ക്കുലര്‍ നാളെ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നില്‍ കത്തിച്ച് പ്രതിഷേധിക്കും. കലക്ട്രേറ്റുകളിലേക്കും പ്രതിഷേധം സംഘടിപ്പിക്കും.
Adjust Story Font
16

