Quantcast

മലേഷ്യൻ എഞ്ചിനീയർ ലീ സീ ബെന്നിന്റെ ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പറഞ്ഞയാളാണ് ​ഗ്യാനേഷ് കുമാർ, അന്നത്തെ വിജിലൻസ് റിപ്പോർട്ട് പുറത്തുവിടണം; എൻ.എസ് മാധവൻ

2006-ലാണ് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട്നിർമാണ കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയായ പാട്ടി-ബെൽ ജെവിയുടെ ചീഫ് പ്രോജക്ട് മാനേജറായിരുന്ന ലീ സീ ബെൻ ആത്മഹത്യ ചെയ്തത്

MediaOne Logo

Web Desk

  • Published:

    26 Sept 2026 8:26 PM IST

മലേഷ്യൻ എഞ്ചിനീയർ ലീ സീ ബെന്നിന്റെ ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പറഞ്ഞയാളാണ് ​ഗ്യാനേഷ് കുമാർ, അന്നത്തെ വിജിലൻസ് റിപ്പോർട്ട് പുറത്തുവിടണം; എൻ.എസ് മാധവൻ
X

കോഴിക്കോട്: മലേഷ്യൻ എഞ്ചിനീയർ ലീ സീ ബെന്നിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത എഴുത്തുകാരൻ എൻ.എസ് മാധവൻ രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലെ പക്ഷപാതിത്വവും ഏകാധിപത്യ പ്രവണതകളും കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് എൻ.എസ് മാധവന്റെ ആവശ്യം.

ഇരുപത് വർഷം മുമ്പ് നടന്ന ദാരുണ സംഭവത്തിൽ അന്ന് സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ഇനിയും പുറത്തുവിടാത്തത് ദുരൂഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിക്കും ഉദ്യോഗസ്ഥ പീഡനത്തിനുമെതിരെ ജീവത്യാഗം ചെയ്യേണ്ടിവന്ന ഒരു ഉന്നത എഞ്ചിനീയറുടെ മരണത്തിലെ സത്യാവസ്ഥ അറിയാൻ പൊതുസമൂഹത്തിന് അവകാശമുണ്ട്. അതിനാൽ വിജിലൻസ് റിപ്പോർട്ട് അടിയന്തരമായി വെളിച്ചത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2006-ലാണ് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട്നിർമാണ കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയായ പാട്ടി-ബെൽ ജെവിയുടെ ചീഫ് പ്രോജക്ട് മാനേജറായിരുന്ന ലീ സീ ബെൻ ആത്മഹത്യ ചെയ്തത്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട ബിൽ തുകകൾ യഥാസമയം ലഭിക്കാത്തതും ഉദ്യോഗസ്ഥതലത്തിലുള്ള കടുത്ത ദുരനുഭവങ്ങളുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ പേര് ലീ സീ ബെൻ ഇതിൽ നേരിട്ട് പരാമർശിച്ചിരുന്നു.

ഇത് അന്ന് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായതിനെ തുടർന്ന് സർക്കാർ ഗ്യാനേഷ് കുമാറിനെ പിഡബ്ല്യുഡി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയും വിശദമായ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും ആ അന്വേഷണത്തിന്റെ കണ്ടെത്തലുകൾ എന്താണെന്ന് പൊതുസമൂഹത്തിന് ഇന്നും ലഭ്യമല്ല.

ലീ സീ ബെന്നിന്റെ നേതൃത്വത്തിൽ നിർമിച്ച പാതകൾ ഇന്നും യാതൊരു കുഴികളുമില്ലാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച റോഡുകളായി തുടരുന്നുണ്ട്. സ്വന്തം നാടിനായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിത്തന്ന ഒരു അന്താരാഷ്ട്ര വിദഗ്ധന് ഉദ്യോഗസ്ഥ പീഡനം കാരണം ജീവനൊടുക്കേണ്ടി വന്ന സാഹചര്യം ജനങ്ങൾക്ക് മുന്നിൽ ഇന്നും വലിയൊരു ചോദ്യചിഹ്നമാണെന്ന് എൻ.എസ് മാധവൻ കൂട്ടിച്ചേർത്തു.

നിലവിൽ രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന ഉന്നത ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്കെതിരായ പഴയ ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ആവശ്യമാണ്. ലീ സീ ബെന്നിനും കുടുംബത്തിനും നീതി ഉറപ്പാക്കുന്നതിനൊപ്പം, ആരോപണ വിധേയനായ ഗ്യാനേഷ് കുമാറിന് തന്റെ ഭാഗം വ്യക്തമാക്കാനുള്ള അവസരം നൽകുന്നതിനും ഈ റിപ്പോർട്ട് പുറത്തുവരേണ്ടത് അനിവാര്യമാണ്. അന്വേഷണം കൂടുതൽ വൈകിക്കാതെ പൂർത്തിയാക്കാനും റിപ്പോർട്ട് പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താനും സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എൻ.എസ് മാധവൻ ആവശ്യപ്പെട്ടു.

TAGS :

Next Story