Quantcast

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം; പ്രധാനമന്ത്രിക്ക് കത്തയച്ച് കാസ

ചത്തീസ്ഗഢിൽ കേരളത്തിൽ നിന്നുള്ള കത്തോലിക്കാ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വളരെ വേദനയോടെയും ആശങ്കയോടെയും ശ്രദ്ധയിൽ പെടുത്തുന്നു

MediaOne Logo

Web Desk

  • Published:

    28 July 2025 12:56 PM IST

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം; പ്രധാനമന്ത്രിക്ക് കത്തയച്ച് കാസ
X

കൊച്ചി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ മതപരിവർത്തന ശ്രമം ആരോപിക്കപ്പെട്ട് അറസ്റ്റിലായ സംഭവത്തിൽ അടിയന്തിര ഇടപെടൽ അഭ്യർഥിച്ചുകൊണ്ട് ക്രിസ്ത്യൻ സംഘടനയായ കാസ പ്രധാനമന്ത്രിക്ക് കത്തയച്ചു. ചത്തീസ്ഗഢിൽ കേരളത്തിൽ നിന്നുള്ള കത്തോലിക്കാ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വളരെ വേദനയോടെയും ആശങ്കയോടെയും ശ്രദ്ധയിൽ പെടുത്തുന്നതായും പതിറ്റാണ്ടുകളായി, പ്രത്യേകിച്ച് ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ സമൂഹത്തെ സേവിക്കുന്ന ഈ സ്ത്രീകൾ മതപരമായ ആചാരങ്ങൾ അവലംബിച്ചിട്ടും, പൊതു ഇടങ്ങളിൽ സഞ്ചരിക്കാനും സംസാരിക്കാനും ഇടപഴകാനുമുള്ള അടിസ്ഥാന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടത് വളരെ ദുഃഖകരമാണെന്നും കത്തിൽ പറയുന്നു.

ഇത് അപമാനകരം മാത്രമല്ല, കന്യാസ്ത്രീകളുടെ അന്തസ്സിന്റെയും മതസ്വാതന്ത്ര്യത്തിന്‍റെയും ലംഘനവുമാണ്. സംവേദനക്ഷമതയില്ലായ്മയും ബലപ്രയോഗവും നിറഞ്ഞ അവരുടെ അറസ്റ്റ് ക്രിസ്ത്യൻ സമൂഹത്തെ ആഴത്തിൽ വേദനിപ്പിക്കുകയും സേവനത്തിനായി ജീവിതം സമർപ്പിക്കുന്നവരുടെ അന്തസ്സിനെ തകർക്കുകയും ചെയ്യുന്നതായും കാസ ചൂണ്ടിക്കാട്ടി.

അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാവുകയാണ്. പാർലമെന്‍റിൽ യുഡിഎഫ്-എൽഡിഎഫ് എം പിമാർ പ്രതിഷേധിച്ചു.തടവറയിൽ കഴിയുന്ന കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ അറസ്റ്റ് വേദനാജനകമെന്ന് കാത്തലിക് ബിഷപ്പ് കൗൺസിൽ പ്രതികരിച്ചു. മത സ്വാതന്ത്രമുള്ള രാജ്യത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. കന്യാസ്ത്രീകൾ നേരിട്ടത് ക്രൂരതയെന്ന് പറഞ്ഞ ഓർത്തഡോക്സ് സഭ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.

TAGS :

Next Story