'അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണം'; സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്
ശമ്പള കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ നടത്തുന്ന സമരം പതിനേഴാം ദിവസവും തുടരുകയാണ്.

തിരുവനന്തപുരം: അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ മേഖലയിലെ നഴ്സുമാർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മാനേജ്മെന്റുകൾ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ, പണിമുടക്ക് സമരത്തിലേക്ക് നഴ്സുമാര്‍ കടക്കുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചു.
14 ജില്ലകളിൽ നിന്നുമായി നൂറുക്കണക്കിന് നഴ്സുമാരാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരവുമായി എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സമരങ്ങളിൽ മാനേജ്മെൻ്റ് ഭാഗത്തു നിന്നും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം കൂടുതൽ കടുപ്പിക്കുന്നത്. അടിസ്ഥാന ശമ്പളം 40,000 ആക്കുക, 6 -6 -12 ഷിഫ്റ്റ് നടപ്പിലാക്കുക, തുല്യ ജോലിക്ക് തുല്യ വേതനം നടപ്പിലാക്കുക, നഴ്സിംഗ് അധ്യാപകർക്ക് യുജിസി സ്കെയിൽ ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രതിഷേധ സമരം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
അതേസമയം ,ശമ്പള കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നടത്തുന്ന സമരം പതിനേഴാം ദിവസവും തുടരുകയാണ്. ഡോക്ടർമാരെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സമരത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അധിക ചുമതലകളിൽ നിന്ന് രാജിവെയ്ക്കുമെന്നും ഡോക്ടർമാർ പറയുന്നു.
Adjust Story Font
16

