ഒയാസിസിന് ബ്രൂവറിക്ക് അനുമതി നൽകിയത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ
അനുമതിയുടെ ഇ-ഫയൽ വിശദാംശങ്ങൾ മീഡിയവണിന് ലഭിച്ചു

തിരുവനന്തപുരം: ബ്രൂവറി സ്ഥാപിക്കുന്നതിന് ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കുന്ന ഫയല്‍ മാസങ്ങളോളം തീരുമാനം എടുക്കാതെ എക്സൈസ് മന്ത്രിയുടെ കൈവശം ഇരുന്നതായി ഇ-ഫയല്‍ രേഖ. പിന്നീട് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നയുടനെ ഫയലിന് അംഗീകാരം നല്‍കി എക്സൈസ് മന്ത്രി എം.ബി രാജേഷ് മുഖ്യമന്ത്രിക്ക് കൈമാറി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയും ഫയലില്‍ അംഗീകാരം കുറിച്ചു. സെക്രട്ടറിയേറ്റിലെ ഇ-ഫയല്‍ രേഖകള്‍ മീഡിയവണിന് ലഭിച്ചു.
ആദ്യം മടക്കി... പിന്നെ മാസങ്ങളോളം തീരുമാനമെടുക്കാതെ കൈവശം വെച്ചു... ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഫയലിന് പൊടുന്നനെ ജീവന്‍ വെച്ചു. ഇതാണ് ബ്രൂവറി സ്ഥാപിക്കാനായി ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കിയ ഫയലിന്‍റെ വഴികള്‍ തെളിയിക്കുന്നത്. ഇ-ഫയല്‍ രേഖകള്‍ പ്രകാരം എക്സൈസ് കമ്മീഷണറുടെ ശിപാര്‍ശയോടെ 2024 ഫെബ്രുവരി രണ്ടിന് ഫയല്‍ നികുതി എക്സൈസ് വകുപ്പില്‍ എത്തി. 14 ന് എക്സൈസ് മന്ത്രിക്ക് മുന്നിലേക്ക്. കൂടുതല്‍ വിശദാശങ്ങള്‍ തേടി മന്ത്രി ഫയല്‍ മടക്കി. ജൂണ്‍ 20 ന് വീണ്ടും ജോയിന്‍റ് സെക്രട്ടറിക്ക് മുന്നിലേക്ക്.
ജൂലൈ 3 ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിന് ലഭിച്ച ഫയല്‍ അന്ന് തന്നെ ശരവേഗത്തില്‍ വീണ്ടും എക്സൈസ് മന്ത്രിക്ക് മുന്നിലെത്തി. പിന്നെ ഫയല്‍ മൂന്നര മാസത്തോളം അനങ്ങിയില്ല. മന്ത്രിയുടെ മേശപ്പുറത്ത് തുടര്‍ന്നു. ഒക്ടോബര്‍ 18 തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ 24 ന് ഫയല്‍ എം.ബി രാജേഷ് അംഗീകരിച്ച് മുഖ്യമന്ത്രിക്ക് കൈമാറി. നവംബര്‍ 11 ന് മുഖ്യമന്ത്രിയും ഫയലിന് അംഗീകാരം നല്‍കി.
Updating...
Adjust Story Font
16

