ഓഫർ തട്ടിപ്പ്: ആനന്ദകുമാർ ആജീവനാന്ത ചെയർമാൻ; ട്രസ്റ്റ് രൂപീകരിച്ചതിന്റെ രേഖകൾ പുറത്ത്
കേസിൽ ഇ.ഡി പരാതിക്കാരുടെ മൊഴിയെടുക്കുന്നു
കൊച്ചി: ഓഫർ തട്ടിപ്പിനായി രൂപീകരിച്ച ട്രസ്റ്റിന്റെ നിർണായക രേഖകൾ പുറത്ത്. കെ.എൻ. ആനന്ദകുമാർ ആജീവനാന്ത ചെയർമാനായ ട്രസ്റ്റിൽ അഞ്ച് അംഗങ്ങൾ. കേസിൽ ഇ.ഡി പരാതിക്കാരുടെ മൊഴിയെടുക്കുന്നു.
കഴിഞ്ഞവർഷം ഫെബ്രുവരി 15നാണ് ഓഫർ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയർമാനായ കെ എൻ ആനന്ദകുമാർ ആജീവനാന്ത ചെയർമാനായ ട്രസ്റ്റിൽ 5 അംഗങ്ങൾ ആണുള്ളത്. പ്രതി അനന്തു കൃഷ്ണൻ, ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ. തട്ടിപ്പിൽ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു കെ എൻ ആനന്ദകുമാറിന്റെ വാദം. എന്നാൽ ഈ വാദം പൊളിക്കുന്നത് കൂടിയാണ് രേഖകൾ. ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന് അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു.
ട്രസ്റ്റ് രൂപീകരിച്ച് 8 മാസം കൊണ്ട് 400 കോടിയോളം രൂപയാണ് പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അതിനിടെ ഓഫർ തട്ടിപ്പിന്റെ മറവിൽ നടന്ന കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച അന്വേഷണവും ഇ ഡി ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇസിഐആർ രജിസ്റ്റർ ചെയ്ത ഇഡി മൂവാറ്റുപുഴയിലെ സീഡ് സൊസൈറ്റി അംഗങ്ങളെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. മൊഴിയെടുപ്പ് പൂർത്തിയായ ശേഷം അനന്തു കൃഷ്ണനെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് കടക്കും. തട്ടിപ്പിനായി രൂപീകരിച്ച ട്രസ്റ്റിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നു, തട്ടിയെടുത്ത പണം ഹബാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തി തുടങ്ങിയ സംശയങ്ങളിൽ വ്യക്തത വരുത്താനുള്ള അന്വേഷണമാണ് ഇ ഡി നടത്തുന്നത്. പ്രതി അനന്തു കൃഷ്ണന്റെ കൊച്ചിയിലെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ക്രൈംബ്രാഞ്ച് റെയ്ഡും തുടരുകയാണ്. അന്വേഷണസംഘത്തിന്റെ കസ്റ്റഡി അപേക്ഷ മറ്റന്നാൾ മൂവാറ്റുപുഴ കോടതി പരിഗണിക്കും.
Adjust Story Font
16

