കണ്ണൂരില്‍ പിഎസ്സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഒരാള്‍ കൂടി പിടിയില്‍, മുന്‍പും കോപ്പിയടിച്ചെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് സഹദിൻ്റെ സുഹൃത്താണ് സബീൽ

Photo| Special Arrangement
കണ്ണൂര്‍: പിഎസ് സി പരീക്ഷയ്ക്കിടെ കോപ്പിയടി നടത്തിയ കേസിൽ കണ്ണൂരിൽ ഒരാൾ കൂടി പിടിയിൽ.ചെറുമാവിലായി സ്വദേശി സബീലാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് സഹദിൻ്റെ സുഹൃത്താണ് സബീൽ. വസ്ത്രത്തിൽ ഘടിപ്പിച്ച കാമറ ഉപയോഗിച്ചാണ് കോപ്പിയടി നടന്നത്.
അറസ്റ്റിലായ മുഹമ്മദ് സഹദ് നേരത്തെയും പി എസ് സി പരീക്ഷക്ക് കോപ്പിയടിച്ചെന്നും ആഗസ്ത് 30 ന് എസ് ഐ ടെസ്റ്റിന് സഹദ് കോപ്പിയടിച്ചന്നുമാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. പയ്യാമ്പലം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശനിയാഴ്ച നടന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിലാണ് കോപ്പിയടി നടന്നത്. ഷര്‍ട്ടിന്റെ കോളറില്‍ ഘടിപ്പിച്ച മൈക്രോ കാമറ വഴി ഇയാൾ ചോദ്യ പേപ്പറിലെ ചോദ്യങ്ങൾ മറ്റൊരാൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് പുറമെയുള്ളയാൾ ഗൂഗ്ൾ നോക്കി ഉത്തരം കണ്ടെത്തി പറഞ്ഞുകൊടുത്തു. ചെവിയിൽ തിരുകിവെച്ച ഇയർഫോൺ വഴി ഉത്തരങ്ങൾ കേട്ട് മുഹമ്മദ് സഹദ് എഴുതുന്നതിനിടെയാണ് പി.എസ്.സി വിജിലൻസ് സ്ക്വാഡ് പരിശോധനക്കെത്തിയത്.
സ്ക്വാഡ് പിടികൂടാൻ ശ്രമിച്ചപ്പോൾ പുറത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് സഹദിനെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ, കാമറ, ഇയർഫോൺ എന്നിവയെല്ലാം പൊലീസ് പിടികൂടിയിട്ടുണ്ട്.
Adjust Story Font
16

