ഇടപ്പള്ളിയിൽ നിന്ന് എട്ടാംക്ലാസ് വിദ്യാർഥിയെ കാണാതായ സംഭവം; കൈനോട്ടക്കാരന്‍ കസ്റ്റഡിയില്‍, പോക്സോ കേസ്
കുട്ടിയെ ഇന്ന് തൊടുപുഴയില്‍വെച്ച് കണ്ടെത്തിയിരുന്നു

കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് എട്ടാം ക്ലാസ് വിദ്യാർഥിയെ കാണാതായ സംഭവത്തില്‍ തൊടുപുഴ ബസ് സ്റ്റാന്‍ഡിലെ കൈനോട്ടക്കാരന്‍ കസ്റ്റഡിയില്‍. ഇയാളാണ് കുട്ടി തൊടുപുഴയിലുണ്ടെന്ന വിവരം രാവിലെ രക്ഷിതാവിനോട് ഫോണ്‍ വിളിച്ച് പറഞ്ഞത്. കൈനോട്ടക്കാരനായ ശിവകുമാര്‍ കുട്ടിയെ വീട്ടിൽ കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും. കേസില്‍ ഇയാളെ പൊലീസ് വിശദമായ ചോദ്യം ചെയ്യും.
തൊടുപുഴ ബസ്റ്റാന്റ് പരിസരത്ത് നിന്നാണ്കുട്ടിയെ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ കുട്ടിയെ കണ്ടെത്തിയെന്ന് ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. പരീക്ഷയ്ക്കായി ഇടപ്പള്ളിയിലെ സ്കൂളിൽ എത്തി മടങ്ങിയ വിദ്യാർഥി, തിരികെ വീട്ടിൽ എത്താത്തതോടെയാണ് രക്ഷിതാക്കൾ അന്വേഷണം ആരംഭിച്ചത്.
ബന്ധു വീടുകളിൽ പോയിട്ടുണ്ടാകാമെന്ന നിഗമനത്തിലായിരുന്നു ആദ്യം രക്ഷിതാക്കൾ. എന്നാൽ, അടുത്ത ബന്ധുക്കളുടെ വീട്ടിലെത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. എളമക്കര പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇടപ്പള്ളി പരിസരത്ത് നിന്ന് ലഭിച്ച രണ്ട് സിസിടിവി ദൃശ്യങ്ങളിൽ വിദ്യാർഥിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.
Adjust Story Font
16

