കൊച്ചിയിൽ ഓൺലൈൻ വ്യാപാര തട്ടിപ്പ് സജീവം; ഓർഡർ ചെയ്തിട്ട് വർഷങ്ങളായിട്ടും വസ്ത്രം ലഭിച്ചില്ല
വസ്ത്ര വ്യാപാര കേന്ദ്രത്തിനെതിരെ 400ലേറെ പേർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

കൊച്ചി: കൊച്ചിയിൽ ഓൺലൈൻ വ്യാപാര തട്ടിപ്പ് സജീവം. ഓൺലൈൻ വസ്ത്ര വ്യാപാരത്തിൽ നിന്നും ഓർഡർ ചെയ്തവർക്ക് വർഷങ്ങളായിട്ടും വസ്ത്രം ലഭിച്ചില്ലെന്ന് പരാതി. മൂൺ ഗോഡസ് എന്ന വസ്ത്ര വ്യാപാര കേന്ദ്രത്തിനെതിരെ 400ലേറെ പേർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.
പുതിയ ട്രെൻഡും മോഡലും പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പരസ്യം നൽകുകയാണ് ആദ്യം ഘട്ടം. ക്യാഷ് കൊടുത്ത് ഓർഡർ ചെയ്യാം. ഞൊടിയിടയിൽ കിട്ടുമെന്നാണ് വാഗ്ദാനം. ഓർഡർ ചെയ്തു വർഷങ്ങളായിട്ടും പുതിയ വസ്ത്രം ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കൊച്ചിയിലെ ഓൺലൈൻ സ്ഥാപനത്തിനെതിരെ 486 പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പരാതിക്കാർ 90 ശതമാനവും സ്ത്രീകളാണ്.
ലഭിച്ച പരാതി കമ്മീഷണർ സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്. 1000 മുതൽ 3000 രൂപ വരെയാണ് നഷ്ടപ്പെട്ടത്. ആയിരത്തിലേറെ പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.
എന്നാൽ, തങ്ങളുടെ പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മറ്റു പല സംഘങ്ങൾ തട്ടിപ്പ് നടത്തുകയാണെന്നാണ് മൂൺ ഗോഡസിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാമിൽ 4.3 മില്യൺ ഫോളോവേഴ്സ് ഉള്ള ഓൺലൈൻ വ്യാപാര സ്ഥാപനം ഇപ്പോഴും സജീവമാണ്. നേരത്തെ പനമ്പള്ളി നഗറിൽ ആയിരുന്നു സ്ഥാപനം. ഇപ്പോൾ കലൂർ കത്രിക്കടവ് റോഡിലേക്ക് മാറി.
Adjust Story Font
16

