Quantcast

ജൈക്കയിൽ നിന്നുള്ള വായ്പ 29 ശതമാനം മാത്രം, കമ്പനികളല്ല ജപ്പാൻ ബാങ്കാണ് വായ്പ തരുന്നത്: കെ റെയിൽ ഡവലപ്‌മെൻറ് കോർപറേഷൻ

ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് ജൈക്കയിൽ നിന്നുള്ള പദ്ധതി വായ്പകൾ സ്വകരിക്കുന്നതെന്നും ജൈക്കയിൽനിന്ന് 18,892.5 കോടി രൂപ മാത്രമാണ് വായ്പ എടുക്കുന്നതെന്നും അവർ വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    25 March 2022 4:21 PM GMT

ജൈക്കയിൽ നിന്നുള്ള വായ്പ 29 ശതമാനം മാത്രം, കമ്പനികളല്ല ജപ്പാൻ ബാങ്കാണ് വായ്പ തരുന്നത്: കെ റെയിൽ ഡവലപ്‌മെൻറ് കോർപറേഷൻ
X

കെ റെയിലിനായി ജൈക്ക(Japan International Cooperation Agency)യിൽ നിന്നുള്ള വായ്പ പദ്ധതി ചെലവിന്റെ 29 ശതമാനം മാത്രമാണെന്നും ഏതെങ്കിലും കമ്പനികളല്ല ജൈക്ക എന്ന ജപ്പാൻ ബാങ്കാണ് വായ്പ തരുന്നതെന്നും കെ റെയിൽ ഡവലപ്‌മെൻറ് കോർപറേഷൻ. ADB, AIIB പോലുള്ള മറ്റ് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത രീതിയിലായിരിക്കും പദ്ധതിയെന്നും കെ റെയിൽ അധികൃതർ പറഞ്ഞു.

ഇന്ത്യൻ ഗവണ്മെന്റും ജപ്പാൻ ഗവണ്മെന്റും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് ജൈക്കയിൽ നിന്നുള്ള പദ്ധതി വായ്പകൾ സ്വകരിക്കുന്നതെന്നും ജൈക്കയിൽനിന്ന് 18,892.5 കോടി രൂപ മാത്രമാണ് വായ്പ എടുക്കുന്നതെന്നും അവർ വ്യക്തമാക്കി. അതിവേഗ റെയിൽ കോറിഡോറിനു വേണ്ടി നേരത്തെ ജൈക്കയിൽനിന്ന് വായ്പ എടുക്കാൻ ഉദ്ദേശിച്ചിരുന്നത് പദ്ധതി ചെലവിന്റെ 80 ശതമാനത്തോളം ആയിരുന്നുവെന്ന് ഓർക്കണമെന്നും ജപ്പാനിൽനിന്ന് വായ്പയെടുക്കാൻ വേണ്ടിയാണ് സ്റ്റാൻഡേർഡ് ഗേജിൽ സിൽവർലൈൻ നിർമിക്കുന്നതെന്ന വാദം ശരിയല്ലന്നും മിക്ക രാജ്യങ്ങളും അവരുടെ ഉയർന്ന വേഗതയുള്ള ലൈനുകൾക്ക് സ്റ്റാൻഡേർഡ് ഗേജാണ് ഉപയോഗിക്കുന്നതെന്നും ഫേസ്ബുക്കിലടക്കം പ്രസിദ്ധീകരിച്ച കുറിപ്പിൽ പറഞ്ഞു.

റെയിൽവേ ട്രാക്കുകളിൽ ഉപയോഗിക്കുന്ന നാരോ, മീറ്റർ, സ്റ്റാൻഡേർഡ്, ബ്രോഡ് എന്നിങ്ങനെയുള്ള ഗേജുകളിൽ ഓരോന്നിനും അതിന്റെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാൽ മൊത്തത്തിൽ, സ്ഥിരത അഥവാ സ്റ്റെബിലിറ്റി, സാധ്യമായ വേഗത, വളവുകളിൽ ചലിക്കാവുന്ന കൂടിയ വേഗത, നിർമാണ ചെലവ് എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ സ്റ്റാൻഡേർഡ് ഗേജാണ് നല്ലതെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏകദേശം 55-60% ലൈനുകളും സ്റ്റാൻഡേർഡ് ഗേജാണ്. ചുരുക്കം ചില രാജ്യങ്ങളൊഴിച്ചാൽ എല്ലാ അതിവേഗ റെയിൽ പാതകളും സ്റ്റാൻഡേർഡ് ഗേജ് ഉപയോഗിക്കുന്നുവെന്നും പറഞ്ഞു.


'ഇന്ത്യൻ റെയിൽവേ ശൃംഖല ബ്രോഡ്ഗേജ് പാതയിലാണ് ഓടുന്നത്. ഇന്ത്യൻ ബ്രോഡ്ഗേജിൽ 160 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ട്രെയിൻ ഓടിക്കുന്നതിനുള്ള സംവിധാനമില്ല. ഐആർഎസ് (ഇന്ത്യൻ റെയിൽവേ സ്റ്റാൻഡേർഡ്) കോഡുകളാണ് ബ്രോഡ്ഗേജിന്റെ മാനദണ്ഡം. 160 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ തീവണ്ടികൾ ഓടിക്കുന്നതിന് ഇന്ത്യൻ ബ്രോഡ്ഗേജിന് പുതിയ നിലവാരങ്ങളും മാനദണ്ഡങ്ങളും രൂപപ്പെടുത്തേണ്ടതുണ്ട്. അതിന് ഏറെ പരിശ്രമവും സമയവും വേണം. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇത്ര കാലമായിട്ടും ഇന്ത്യയിൽ അതിവേഗ വണ്ടികൾ ഓടിക്കാൻ സാധിക്കാത്തതിന്റെ പ്രധാന കാരണം ഇതാണ്. ഇന്ത്യയിലെ പുതിയ ഹൈ സ്പീഡ്, സെമി ഹൈ സ്പീഡ് പ്രോജക്ടുകൾക്ക് സ്റ്റാൻഡേർഡ് ഗേജ് പാതയാണ് സ്വീകരിച്ചിട്ടുള്ളത്. ഡൽഹി-മീററ്റ് ആർ. ആർ.ടി.എസ്, മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽവേ, നിർദിഷ്ട ഡൽഹി-വരാണസി അതിവേഗ റെയിൽവേ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ചിലർ റഷ്യയിലെ ബ്രോഡ്ഗേജ് പാത ചൂണ്ടിക്കാണിക്കുന്നുണ്ട്. റഷ്യയിലേയും ഇന്ത്യയിലേയും ബ്രോഡ്ഗേജുകളുടെ വീതി വ്യത്യസ്തമാണ്. റഷ്യയിൽ ബ്രോഡ്ഗേജ് പാതകളുടെ വീതി 1520 മില്ലിമീറ്ററാണ്. ഇന്ത്യൻ ബ്രോഡ്ഗേജിന്റെ വീതി 1676 മില്ലിമീറ്ററും. അവ താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല' കുറിപ്പിൽ കെ റെയിൽ അധികൃതർ പറഞ്ഞു.

കെ റെയിൽ നിർമാണത്തിന് ആവശ്യമായ സാങ്കേതിക വിദ്യകളും നിർമാണ കമ്പനികളും ഇന്ത്യയിൽ തന്നെയുണ്ടെന്നും റോളിംഗ് സ്റ്റോക്കുകൾ (തീവണ്ടികൾ) മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ പെടുത്തി ഇന്ത്യയിൽ തന്നെ നിർമിക്കാൻ പറ്റുമെന്നും അവർ അവകാശപ്പെട്ടു. അന്താരാഷ്ട്ര തീവണ്ടി നിർമാതാക്കളായ പല കമ്പനികൾക്കും ഇന്ത്യയിൽ യൂനിറ്റുകളുണ്ടെന്നും ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ പൊതുസംഭരണ നയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കും ആത്മനിർഭർ ഭാരത് പദ്ധതിക്കും അനുസൃതമായാണ് സിൽവർലൈൻ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അറിയിച്ചു.

'പ്രധാനപ്പെട്ട പ്രവൃത്തികളും നിർമാണ വസ്തുക്കളുടെ സംഭരണവും സുതാര്യമായ അന്താരാഷ്ട്ര ടെണ്ടർ നടപടികളിലൂടെയാണ് വിവിധ ഏജൻസികളെ ഏൽപിക്കുന്നത്. വായ്പ അനുവദിക്കുതിന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കുൾപ്പെടെയുള്ള ഉഭയകക്ഷി/ബഹുകക്ഷി വായ്പാ ഏജൻസികൾക്ക് കണിശമായ അഴിമതിവിരുദ്ധ നയങ്ങളുണ്ട്. അവ പാലിച്ചു കൊണ്ടായിരിക്കും ടെണ്ടർ നടപടികൾ പൂർത്തിയാക്കുക. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കസൽട്ടിഗ് എൻജിനീയേഴ്‌സിന്റെ (FIDIC) കരാർ വ്യവസ്ഥകൾക്കനുസരിച്ചാണ് ടെണ്ടറുകൾ തയാറാക്കുക. ഫിഡികിന്റെ കരാർ വ്യവസ്ഥകൾ ലോകമെങ്ങും സ്വീകാര്യമാണ്. യാതൊരു അഴിമതിക്കും സ്വജനപക്ഷ പാതത്തിനും സാധ്യതയില്ലാത്ത വിധം സുതാര്യമായ രീതിയിലായിക്കും ഇടപാടുകൾ നടക്കുക' - കുറിപ്പിൽ വ്യക്തമാക്കി.

Only 29% loan from JICA: K Rail Development Corporation

TAGS :

Next Story