Quantcast

സെക്രട്ടറിയേറ്റ് വളഞ്ഞ് പതിനായിരങ്ങള്‍; ഇടതുപക്ഷത്തിന്റെ രാപ്പകൽ സമരം പൊളിച്ച ഉമ്മൻചാണ്ടി

സെക്രട്ടറിയേറ്റ് വളയാൻ എൽ.ഡി.എഫ് പ്രവർത്തകർ എത്തുന്നതിന് മുമ്പേ ഉമ്മൻചാണ്ടി ഓഫീസിലെത്തി

MediaOne Logo

Web Desk

  • Updated:

    2023-07-18 08:27:31.0

Published:

18 July 2023 7:10 AM GMT

Oommen Chandy broke the day and night strike of the LDF,RIPOommen Chandy,ഉമ്മന്‍ചാണ്ടിയുടെ മരണം,സോളാര്‍ കേസ്, രാപ്പകല്‍ സമരം
X

തിരുവനന്തപുരം: ഭരണത്തിന്റെ അവസാനകാലത്തായിരുന്നു സോളാർ അഴിമതിക്കേസ് ഉമ്മൻചാണ്ടി സർക്കാറിനെ പിടിച്ചുലച്ചത്. മല്ലേലി ശ്രീധരൻ നായർ എന്ന വ്യവസായി നൽകിയ ഒരു പരാതിയിൽ നിന്നായിരുന്നു സോളാർകേസിന്റെ തുടക്കം. സോളാർ പീഡനക്കേസിലെ പരാതിക്കാരി സോളാർ പ്രൊജക്ടിന്റെ പേരിൽ പണം തട്ടിയെന്നായിരുന്നു ആ പരാതി. എന്നാൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ഓഫീസുമായി അടുപ്പമുണ്ടെന്ന് പീഡനക്കേസ് പരാതിക്കാരി വെളിപ്പെടുത്തിയതോടെ കേസിന്റെ ദിശ തന്നെ മാറി. മുഖ്യമന്ത്രിയുടെ പഴ്‌സൺ സ്റ്റാഫും ഗൺമാനുമെല്ലാം അറസ്റ്റിലായി.ഇതോടെ സോളാർ വിവാദം കേരളത്തിൽ നിന്നുകത്തി.

കേസിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെയും പീഡന ആരോപണം ഉയർന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം നാനാ കോണിൽ നിന്നും ഉയർന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി തെരുവിലിറങ്ങി. അന്നത്തെ സി.പി.എം സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് വളയാൻ തീരുമാനിച്ചു.

2013 ജൂലൈ 22 നായിരുന്നു 24 മണിക്കൂർ രാപ്പകൽ ധർണ നടത്തിയത്. ഇടതുപക്ഷ ട്രേഡ് യൂണിയനുകളും കർഷകത്തൊഴിലാളി സംഘടനകളും ഇടതുപക്ഷ വിദ്യാർഥി യുവജനസംഘടനകളും നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചുകളുടെ തുടർച്ചയായിരുന്നു രാപ്പകൽ സമരം നടത്തിയത്.ഒരു ലക്ഷം പേരെയാണ് തിരുവനന്തപുരത്തെ സമരത്തിന് ഇടതുപക്ഷം അണിനിരത്തിയത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ് സമരം ഉദ്ഘാടനം ചെയ്തത്.

എന്നാൽ ആ സമരത്തെ വരെ ബുദ്ധിപരമായിട്ടായിരുന്നു ഉമ്മൻചാണ്ടി പൊളിച്ചത്. യൂണിവേഴ്‌സിറ്റി കോളജും ആർട്‌സ് കോളജിനെയുമെല്ലാം കേന്ദ്രസേനക്കുള്ള ക്യാമ്പാക്കിക്കൊണ്ട് ഉമ്മൻചാണ്ടി ഉത്തരവിറക്കി. ഇടതുപ്രതിഷേധങ്ങളുടെ ശക്തി സംഭരണകേന്ദ്രങ്ങളും സർക്കാറിന്റെ നിയന്ത്രണത്തിലാക്കി. അതിന് പുറമെ സമരം നടക്കുന്ന സെക്രട്ടറിയേറ്റിന് രണ്ടുദിവസത്തെ അവധിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് വളയാൻ എൽ.ഡി.എഫ് പ്രവർത്തകർ പുലർച്ചക്കായിരുന്നു എത്തിയിരുന്നത്. എന്നാൽ അതിന് മുമ്പേ ഉമ്മൻചാണ്ടി ഓഫീസിലെത്തി. ഇതും സമരക്കാർക്ക് തിരിച്ചടിയായി.

രാവും പകലും സമരം നടത്തിയിരുന്ന സമരക്കാർക്ക് പ്രാഥമിക കർമങ്ങൾ പോലും നിർവഹിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയായി. സമരക്കാര്‍ക്ക് സൗകര്യങ്ങൾക്ക് ഒരുക്കാൻ അന്ന് എൽഡിഎഫ് ഭരിക്കുന്ന കോർപറേഷനും കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ കേന്ദ്രസേനയുടെ ക്യാമ്പായി മാറിയ സ്ഥലങ്ങളിലൊന്നും സമരക്കാർക്ക് അടുക്കാൻ പോലുമായില്ല. ഇതോടെ ശരിക്കും സമരക്കാർ വലഞ്ഞു. അതിനിടയിൽ സോളാര് കേസ് അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു.അതോടെ സോളാർ സമരം കൈവിട്ടുപോയി.

ഒന്നര ദിവസത്തിനുള്ളിൽ സെക്രട്ടറിയേറ്റ് സമരം എൽഡിഎഫ് അവസാനിപ്പിക്കുകയായിരുന്നു. അഗ്‌നിശുദ്ധി തെളിയിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് മുന്നിൽ മണിക്കൂറുകളോളം മുഖ്യമന്ത്രി ഇരുന്നു. കേസിന്‍റെ തുടക്കം മുതല്‍ തെറ്റുകാരനല്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. ചെയ്യാത്ത തെറ്റിനെക്കുറിച്ച് എന്തിന് ആശങ്കപ്പെടണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഒടുവിൽ ഉമ്മൻചാണ്ടിയുടെ പക്ഷത്ത് തന്നെയായിരുന്നു അന്തിമ വിജയം. നീണ്ട ഒമ്പതുവർഷങ്ങൾക്ക് ശേഷം ഉമ്മൻചാണ്ടിക്ക് കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകിയതിനും കേരളം സാക്ഷിയായി.

TAGS :

Next Story