Quantcast

ഭക്ഷണമില്ല, വിശ്രമമില്ല, ഇടവേളയില്ല, 19 മണിക്കൂർ ഒരേ നിൽപ്പ്; 'ജനസമ്പർക്ക'ത്തിന്റെ ഒ.സി മുദ്ര

''രാവിലെ ഒൻപതു മണിക്കു തുടങ്ങി രാത്രി 12 ആയിട്ടും തീർന്നിട്ടില്ല. ഇനി ഒരുമിച്ചു പരാതി സ്വീകരിക്കാമെന്ന് പറഞ്ഞുനോക്കി. അവസാനത്തെയാളെയും നേരിൽകണ്ട് പരാതി സ്വീകരിച്ചിട്ടേ അവസാനിപ്പിക്കൂവെന്ന് അദ്ദേഹം. പുലർച്ചെ അഞ്ചുമണിക്കാണ് അന്ന് പരിപാടി അവസാനിച്ചത്.!''

MediaOne Logo

Shaheer

  • Updated:

    2023-07-18 06:28:46.0

Published:

18 July 2023 3:47 AM GMT

OommenChandy, JanasambarkkaParipadi, OommenChandydeath, Janasambarkkam
X

ജനസമ്പര്‍ക്ക പരിപാടിക്കിടയില്‍ ഉമ്മന്‍ചാണ്ടി

കോഴിക്കോട്: അതിരാവിലെ മുതൽ അർധരാത്രിയോളം നീളും. ഭക്ഷണമില്ല, ജലപാനമില്ല, വിശ്രമമില്ല.. ഒരേ നിൽപ്പ്! പരിപാടി ആരംഭിച്ചതുമുതൽ രാത്രി വൈകിയും ക്ഷീണം മുഖത്തറിയിക്കാതെ ജനങ്ങളുടെ ആവലാതികൾ നേരിൽകേട്ട്, പരാതികള്‍ നേരില്‍ കുറിച്ചെടുത്ത് ആൾക്കൂട്ടത്തിനു നടുവിൽ ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയുടെ സ്വന്തം ജനസമ്പർക്ക പരിപാടിയാണത്.

ഉമ്മൻചാണ്ടി ഭരണകാലത്തെ മറ്റു കാലങ്ങളിൽനിന്നെല്ലാം വേറിട്ടുനിർത്തുന്ന ഏറ്റവും വലിയ ജനകീയമുദ്രയായിരുന്നു ജനസമ്പർക്ക പരിപാടികൾ. സർക്കാർ ഓഫിസുകളുടെ ചുവപ്പുനാടകളിൽ കുരുങ്ങിക്കിടക്കുന്ന സാധാരണക്കാരുടെ ജീവിതവ്യഥകൾക്ക് അപ്പപ്പോൾ നേർക്കുനേർ തീർപ്പാക്കുന്ന വിസ്മയകരമായ കാഴ്ചകളായിരുന്നു അത്. ആയിരക്കണക്കിനു മനുഷ്യരുടെ കണ്ണീരും കരച്ചിലും മണിക്കൂറുകൾ ഒപ്പമിരുന്നു കേൾക്കുന്ന ഉമ്മൻചാണ്ടി. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് അപ്പപ്പോൾ തീർപ്പാക്കുന്ന മുഖ്യമന്ത്രി. ജനങ്ങൾക്കു വേണ്ടി, ജനങ്ങൾക്കിടയിൽ, ജനങ്ങളോടൊട്ടി, ഒരു ഭരണാധികാരി.

കോൺഗ്രസ് യുവജന നേതാവ് പി.സി വിഷ്ണുനാഥ് ഒരിക്കൽ ജനസമ്പർക്ക പരിപാടിയുടെ ആലപ്പുഴ ജില്ലാ എഡിഷനിൽ പങ്കെടുത്ത ഓർമ പങ്കുവച്ചത് ഇങ്ങനെയാണ്:

''ജനസമ്പർക്ക പരിപാടി ആലപ്പുഴയിൽ നടക്കുമ്പോൾ കൂടെയുണ്ടായിരുന്നു. രാവിലെ ഒൻപതു മണിക്കു തുടങ്ങിയതാണ്. രാത്രി 12 മണിയായിട്ടും തീർന്നിട്ടില്ല. ഇനി ഒരുമിച്ചു പരാതി സ്വീകരിക്കാമെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. അവസാനത്തെയാളെയും നേരിൽകണ്ട് പരാതി സ്വീകരിച്ചിട്ടേ പരിപാടി അവസാനിപ്പിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. പുലർച്ചെ അഞ്ചുമണിക്കാണ് അന്ന് പരിപാടി അവസാനിച്ചത്.!''


ജനഹൃദയം തൊട്ട തത്സമയ അദാലത്ത്

ജനങ്ങളുടെ ദുരിതങ്ങൾക്കും പ്രയാസങ്ങൾക്കും തത്സമയം തീർപ്പുകൽപിക്കന്ന തത്സമയ അദാലത്തായിരുന്നു ജനസമ്പർക്ക പരിപാടികൾ. 2011ലാണ് ഉമ്മൻചാണ്ടി സർക്കാർ ജനസമ്പർക്ക പരിപാടി ആരംഭിക്കുന്നത്. തുടർവർഷങ്ങളിലുമതു തുടർന്നു. 2011നുശേഷം 2013ലും 2015ലും സംസ്ഥാനത്തെ ജില്ലാകേന്ദ്രങ്ങളിലെത്തി ഉമ്മൻചാണ്ടി ജനങ്ങളുടെ ആവലാതികൾ കേട്ടു. അതും ഓരോ ജില്ലയിലും മൂന്നു തവണയാണ് അദ്ദേഹം നേരിട്ടു പരാതി കേൾക്കാനും പരിഹാരം കാണാനും എത്തിയത്.

ആദ്യ തവണ ജനങ്ങളിൽനിന്നു നേരിട്ടായിരുന്നു പരാതിയും അപേക്ഷകളും സ്വീകരിച്ചത്. പതിനായിരങ്ങളാണ് ഓരോ കേന്ദ്രങ്ങളിലുമെത്തുക. 2013ലും 2015ലും നടന്ന പരിപാടികളിൽ ഓൺലൈനായും അപേക്ഷ സ്വീകരിച്ച് തീർപ്പുകണ്ടു.

ഏറെ പ്രധാനപ്പെട്ട കാര്യം മൂന്ന് ഘട്ടങ്ങളിലായി നടന്ന ജനസമ്പർക്ക പരിപാടികളിൽ 11,45,449 അപേക്ഷകളിലാണ് ഉമ്മൻചാണ്ടി എന്ന ഒരൊറ്റ മനുഷ്യൻ നേരിട്ടു തീർപ്പുകൽപിച്ചത്. കോടിക്കണക്കിനു രൂപയാണ് ജനസമ്പർക്കത്തിന്റെ ഭാഗമായി ചെലവാക്കിയത്. 242,87,23,832 കോടി രൂപയാണ് സാധാരണക്കാരുടെ നോവ് മാറ്റാനായി ചെലവാക്കിയതെന്നതു തന്നെ ജനസമ്പർക്ക പരിപാടി ജനജീവിതത്തിൽ എന്തു മാറ്റമുണ്ടാക്കിയെന്നു വ്യക്തമായി പറയും.


യു.എൻ അംഗീകരിച്ച വിപ്ലവം

ആൾക്കൂട്ടത്തിനു നടുവിൽ ആനുകൂല്യം വിതരണം ചെയ്യുന്ന പരിപാടിയാണെന്ന് പ്രതിപക്ഷം ജസമ്പർക്ക പരിപാടിയെ വിമർശിച്ചിരുന്നു. എന്നാൽ, സർക്കാർ സംവിധാനത്തിന്റെ പോരായ്മകൾ അറിയുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഉമ്മൻചാണ്ടി തന്നെ നേരിട്ടു വ്യക്തമാക്കി. സർക്കാർ ഓഫിസുകളിലെ നൂലാമാലകളുടെയും ചുവപ്പുനാടകളുടെയും പ്രയാസം അനുഭവിക്കുന്ന ജനങ്ങളിൽനിന്നുതന്നെ വേണം അതെല്ലാം നേരിട്ട് മനസിലാക്കാനെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെ സർക്കാർ സർക്കാർ സേവനരംഗത്തെ നൂലാമാലകൾ പരിഹരിക്കാൻ അതിന്റെ പ്രയാസം നേരിട്ട് അറിയാനായിരുന്നു അദ്ദേഹം പരിപാടി നടത്തിയത്.

ഈ ജനപ്രിയ പരിപാടിയുടെ അന്നുവരെയുണ്ടായിരുന്ന സർക്കാർ സേവനചട്ടങ്ങളിലും നയങ്ങളിലും ഒരുപാട് പരിഷ്‌ക്കാരങ്ങൾ വരുത്തി ഉമ്മൻചാണ്ടി. സർക്കാർരംഗത്തെ ചുവപ്പുനാടകളും കുരുക്കുകളും അഴിക്കാൻ 45 ഉത്തരവുകളാണ് ഉമ്മൻചാണ്ടി സർക്കാർ പുറത്തിറക്കിയത്.

ജനങ്ങളുടെ പ്രശ്‌നപരിഹാര പരിപാടി ദേശീയതലത്തിൽ വരെ വലിയ ചർച്ചയും വാർത്തയുമായി. എന്നാൽ, അതിലുമപ്പുറം വലിയ തലത്തിൽ അന്താരാഷ്ട്ര അംഗീകാരവും ലഭിച്ചു. 2013ൽ യു.എൻ പബ്ലിക്ക് സർവീസ് പുരസ്‌കാരമാണ് ജനസമ്പർക്ക പരിപാടിയെ തേടിയെത്തിയത്.

Summary: Oommen Chandy Janasambarkka Paripadi

TAGS :

Next Story