Quantcast

പിഎം ശ്രീയിൽ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന് കേന്ദ്രമന്ത്രി; ഇതല്ലെ യഥാർത്ഥ മുന്നയെന്ന് ഷിബു ബേബി ജോണ്‍

എമ്പുരാൻ സിനിമയിലെ മുന്ന എന്ന കഥാപാത്രത്തോടാണ് പ്രതിപക്ഷ നേതാക്കള്‍ ബ്രിട്ടാസിനെ ഉപമിച്ചത്.

MediaOne Logo

Web Desk

  • Published:

    3 Dec 2025 6:13 PM IST

പിഎം ശ്രീയിൽ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന് കേന്ദ്രമന്ത്രി;   ഇതല്ലെ യഥാർത്ഥ മുന്നയെന്ന് ഷിബു ബേബി ജോണ്‍
X

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പ്രസ്താവനക്ക് പിന്നാലെ എംപിയെ കടന്നാക്രമിച്ച് പ്രതിപക്ഷം.

എമ്പുരാൻ സിനിമയിലെ മുന്ന എന്ന കഥാപാത്രത്തോടാണ് പ്രതിപക്ഷ നേതാക്കള്‍ ബ്രിട്ടാസിനെ ഉപമിച്ചത്. സിനിമയിലെ ‘മുന്ന’യൊക്കെ എന്ത് ? ഇതല്ലേ യഥാർത്ഥ മുന്ന എന്നായിരുന്നു ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുന്നയുടെയും ജോണ്‍ ബ്രിട്ടാസിന്റെയും ഫോട്ടോ പങ്കുവെച്ചായിരുന്നു പോസ്റ്റ്.

''എന്തൊക്കെയായിരുന്നു, പിഎം ശ്രീ വേണ്ട, പിണറായിയുടെ ഉറപ്പ്, മന്ത്രിസഭാ ഉപസമിതി, അല്ല, നമ്മുടെ ബിനോയ് വിശ്വം നാട്ടിലുണ്ടോ ആവോ? അതോ, ജോൺ ബ്രിട്ടാസിൻ്റെ കൂടെ ഡൽഹിയിലേക്ക് വണ്ടി കയറിയോ! എന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു.

മതേതര കേരളത്തെ ഒറ്റിയ മുന്ന, ഓര്‍ത്തുവെക്കപ്പെടും എന്നായിരുന്നു മുസ് ലിം ലീഗ് നേതാവ് കെ.പി.എ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താന്‍ മുന്നലയല്ലെന്ന് തന്റെ ചുറ്റുമുള്ളവരെ സമര്‍ഥമായി വിശ്വസിപ്പിക്കുന്നവനാണ് യഥാര്‍ഥ മുന്ന എന്നായിരുന്നു ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മിസ്റ്റർ ബ്രിട്ടാസ്, താങ്കൾ തന്നെയാണ് കേരളത്തിന്റെ മുന്നയെന്നായിരുന്നു എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആർ.എസ്.എസിനെതിരെ കവലകളിൽ ചീറിപ്പായുന്ന എസ്.എഫ്.ഐ പോലും ബ്രിട്ടാസിൻ്റെ ഡൽഹിയിലെ ഈ മധ്യസ്ഥവാസം അറിയുന്നില്ല. പാർട്ടി ബ്രിട്ടാസിനെ ഏൽപ്പിച്ച പണിയാണ് ദീൻ ദയാൽ ഉപാധ്യായ വഴിയിൽ പോയി ഇരന്ന് വാങ്ങുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പി.കെ നവാസ് ആരോപിക്കുന്നു.

പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ ഇടനിലക്കാരനായത് ജോൺ ബ്രിട്ടാസ് എംപിയാണെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജ്യസഭയില്‍ വെളിപ്പെടുത്തിയത്. പൂർണ സമ്മതത്തോടെയാണ് കേരളം പദ്ധതിയിൽ ഒപ്പിട്ടതെന്നും മന്ത്രി പറഞ്ഞു. അതേസമയം മന്ത്രി വി. ശിവൻകുട്ടിയോടൊപ്പമാണ് ധർമ്മേന്ദ്രപ്രധാനെ കണ്ടതെന്നാണ് ജോൺ ബ്രിട്ടാസിന്റെ വിശദീകരണം.

സമഗ്ര ശിക്ഷാ അഭയാൻ പദ്ധതിയുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിൽ ആയിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ വിശദീകരണം.

TAGS :

Next Story