സിദ്ധാർഥന്റെ മരണം: പ്രതിപക്ഷ യുവജന സംഘടനാ മാർച്ചിൽ സംഘർഷം
സെക്രട്ടറിയേറ്റ് വളപ്പിലേക്ക് ചാടാൻ മഹിളാ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ഉൾപ്പെടെ ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ തിരുവനന്തപുരത്ത് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത്‌കോൺഗ്രസും എംഎസ്എഫും നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലാണ് സംഘർഷമുണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മഹിളാ കോൺഗ്രസും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. സെക്രട്ടറിയേറ്റ് വളപ്പിലേക്ക് ചാടാൻ മഹിളാ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു.
സിദ്ധാർഥന്റെ മരണത്തിൽ തുടർച്ചയായ രണ്ടാം ദിവസവും തലസ്ഥാനം സംഘർഷഭരിതമാകുകയായിരുന്നു. മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി വിവിധ പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ചുകളിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഇന്ന് സെക്രട്ടറിയേറ്റിലേക്കുള്ള ആദ്യ പ്രതിഷേധ മാർച്ച് എം.എസ്.എഫിന്റേതായിരുന്നു. വന്ന വഴി തന്നെ ചില പ്രവർത്തകർ സെക്രട്ടറിയേറ്റിനുള്ളിലേക്ക് ചാടി. ഇതോടെ അകത്തുനിന്ന സുരക്ഷാ ഉദ്യോഗസ്ഥർ ലാത്തിവീശി. തുടർന്ന് റോഡ് ഉപരോധത്തിലേക്ക് കടന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
അടുത്ത ഊഴം മഹിളാ കോൺഗ്രസിന്റേതായിരുന്നു. ഇതിനിടയിൽ യൂത്ത് കോൺഗ്രസിന്റെ മൂന്ന് അസംബ്ലി കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ചുമെത്തി. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം.
സംഘർഷം നടുറോഡിലേക്ക് നീങ്ങി. ഇതിനിടയിൽ ഒരു മാധ്യമപ്രവർത്തകന് പരിക്കേറ്റു. തുടർന്ന് മുതിർന്ന നേതാക്കളിടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. അപ്പോഴും മഹിളാ കോൺഗ്രസ് പ്രവർത്തകർ പിന്തിരിയാൻ തയ്യാറായില്ല. സെക്രട്ടറിയേറ്റിന്റെ മതിലിന് മുകളിൽ കയറിനിന്ന്, അകത്തുണ്ടായിരുന്ന വനിതാ പൊലീസുകാർക്ക് നേരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ വടികളെറിഞ്ഞും അടിച്ചും രോഷം തീർത്തു. സെക്രട്ടറിയേറ്റിന് മുൻവശം മാത്രമായിരുന്നില്ല. എറണാകുളത്ത് കെ.എസ്.യും നടത്തിയ കണയന്നൂർ താലൂക്ക് ഓഫീസ് മാർച്ചും സംഘർഷഭരിതമായി. ജലപീരങ്കി പ്രയോഗിച്ചിട്ടും പിന്തിരിയാതിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അതേസമയം, സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അധികൃതരുടെ വീഴ്ച പരിശോധിക്കാൻ സർവകലാശാല നാലംഗ സമിതിയെ നിയോഗിച്ചു. ഡീൻ, അസിസ്റ്റന്റ് വാർഡൻ എന്നിവരുടെ വീഴചയാണ് വൈസ് ചാൻസിലർ നിയോഗിച്ച സമിതി പരിശോധിക്കുക. കോളജ് ഡീൻ എം.കെ നാരായണനെയും അസിസ്റ്റൻറ് വാർഡൻ ആർ. കാന്തനാഥനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സമിതിയെ നിയോഗിച്ച വി സിയുടെ നടപടി. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്നാണ് സമിതി പരിശോധിക്കുക.
അതിനിടെ, കഴിഞ്ഞദിവസം കോളജിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് നടപടികൾ കടുപ്പിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർക്കെതിരെ പി.ഡി.പി.പി ആക്ട് അടക്കം ചുമത്തി കേസെടുത്തു. കണ്ടാലറിയുന്ന 250 പേർക്കെതിരെ കേസെടുത്തതിൽ 47 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുള്ളത്. സമരത്തിനിടെ 65,000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചന്നാണ് എഫ്.ഐ.ആർ. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.
Adjust Story Font
16

