Quantcast

ശക്തമായ മഴ: നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

നാളെ വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

MediaOne Logo

Web Desk

  • Updated:

    2025-10-18 15:34:08.0

Published:

18 Oct 2025 6:38 PM IST

Orange alert in four districts due to Heavy rain
X

Photo| Special Arrangement

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മലപ്പുറം,‌ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട് മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്.

നാളെ വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വയനാട് ഒഴികെയുള്ള വടക്കൻ ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടാണ്. തെക്ക്- വടക്കൻ അറബിക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്നത്.

ഈ ന്യൂനമർദം വടക്കുപടിഞ്ഞാറിലേക്ക് സഞ്ചരിച്ച് അതിതീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ട്. 21ഓടെ ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ന്യൂനമർദവും രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്തയാഴ്ചയും കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ശക്തമായ മഴയ്ക്കൊപ്പം മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കൂടാതെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇടിമിന്നൽ‌ ജാഗ്രതാ നിർദേശവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

വിവിധ ഡാമുകളിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഡാമുകളുടെയും ശക്തമായ മഴ പെയ്യുന്ന സ്ഥലങ്ങളിലെ നദികളുടേയും കരയിലുള്ളവർ ജാഗ്രത പാലിക്കണം. അധികൃതരുടെ മുന്നറിയിപ്പനുസരിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തണം. കടൽക്ഷോഭവും കടലാക്രമണവും രൂക്ഷമായ സാഹചര്യത്തിൽ 22 വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.



TAGS :

Next Story