Quantcast

അവയവങ്ങൾ ദാനം ചെയ്തു; അബിൻ ശശി ഇനി ആറ് പേരിലൂടെ ജീവിക്കും

വാഹനാപകടത്തിൽ മരിച്ച അബിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവുകൾ, രണ്ട് കോർണിയ എന്നിവയാണ് ദാനം ചെയ്തത്.

MediaOne Logo

Web Desk

  • Published:

    20 April 2025 10:32 PM IST

Organ donation news
X

തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അബിൻ ശശിയുടെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകും. ഇടുക്കി പാറേമാവ് സ്വദേശി അബിൻ ശശി (25 )യുടെ അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ആറുപേർക്ക് ദാനം ചെയ്തത്. കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആയുർവേദ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അബിൻ.

ഏപ്രിൽ 15ന് രാവിലെ കൊട്ടാരക്കര പുത്തൂരിൽ വെച്ചാണ് അബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. ​ഗുരുതരമായി പരിക്കേറ്റ അബിനെ ആദ്യം കൊട്ടാരക്കരയിലും തുടർ തിരുവനന്തപുരത്തുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 18ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അബിന്റെ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു.

രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവുകൾ, രണ്ട് കോർണിയ എന്നിവയാണ് ദാനം ചെയ്തത്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ നടപടിക്രമങ്ങൾ നടന്നത്. ഇടുക്കി കോളനിയിലെ പാറേമാവ് തോണിയിൽ വീട്ടിൽ ശശിയുടെയും മുൻ ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി ശശിയുടെയും മകനാണ് അബിൻ ശശി. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടക്കും.

TAGS :

Next Story