കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റില്‍ രണ്ടാഴ്ചക്കിടെ രോഗബാധിതരായത് 441 പേര്‍
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഫ്ലാറ്റിലെ വിവിധ കുടിവെളള സ്രോതസ്സുകളില്‍ പരിശോധന നടത്തി

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റില്‍ രണ്ടാഴ്ചക്കിടെ രോഗബാധിതരായത് 441 പേരെന്ന് ആരോഗ്യവകുപ്പ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഫ്ലാറ്റിലെ വിവിധ കുടിവെളള സ്രോതസ്സുകളില്‍ പരിശോധന നടത്തി. കുടിവെളളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ വെളളം ശാസ്ത്രീയപരിശോധനക്കായി അയച്ചിരിക്കുകയാണ്.
കിണര്‍, ബോര്‍വെല്‍, ഓപണ്‍ വെല്‍, മഴവെളള സംഭരണി, ജല അതോററ്റി വഴിയും സ്വകാര്യ ഏജന്‍സികള്‍ വഴി ടാങ്കറുകളിലുമായാണ് ഫ്ലാറ്റുകളില്‍ വെളളമെത്തിക്കുന്നത്. വിവിധ സ്രോതസ്സുകളില്‍ നിന്ന് ശേഖരിക്കുന്ന വെളളളം ഏകീകൃത ജലശേഖരണ സംവിധാനത്തിലൂടെ ശുചീകരിച്ചാണ് കുടിക്കാന്‍ ഉപയോഗിക്കുന്നതെന്ന് ഡിഎംഒയുടെ നേതൃത്വത്തിലുളള ആരോഗ്യവിഭാഗത്തിന്‍റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭരണിയില്‍ നിന്ന് ശേഖരിച്ച വെളളമാണ് ശാസ്ത്രീയ പരിശോധനക്കായി അയച്ചത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും രോഗബാധയുടെ കൃത്യമായ കാരണം വ്യക്തമാവുക.
രണ്ടാഴ്ചക്കിടെ 441 പേരാണ് വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. നിലവില്‍ 102 പേര്‍ക്ക് കൂടി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കുളള ചികിത്സയും ഫ്ലാറ്റില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയെന്ന് ജില്ലാ ആരോഗ്യ വിഭാഗം വ്യക്തമാക്കി.
Adjust Story Font
16

