Quantcast

മുഖ്യമന്ത്രിക്കും,പാര്‍ട്ടി സെക്രട്ടറിക്കും എതിരായ വിമര്‍ശന വാര്‍ത്തകള്‍ തള്ളാതെ പി. ജയരാജന്‍

എം.വി ഗോവിന്ദനെതിരായ വിമര്‍ശനത്തിലാണ് പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

MediaOne Logo

Web Desk

  • Updated:

    2025-06-30 00:47:37.0

Published:

29 Jun 2025 9:47 PM IST

മുഖ്യമന്ത്രിക്കും,പാര്‍ട്ടി സെക്രട്ടറിക്കും എതിരായ വിമര്‍ശന വാര്‍ത്തകള്‍ തള്ളാതെ പി. ജയരാജന്‍
X

തിരുവന്തപുരം: മുഖ്യമന്ത്രിക്കും, പാര്‍ട്ടി സെക്രട്ടറിക്കും എതിരായ വിമര്‍ശന വാര്‍ത്തകള്‍ തള്ളാതെ പി. ജയരാജന്‍. വിമര്‍ശനവും, സ്വയം വിമര്‍ശനവും പാര്‍ട്ടിയില്‍ ഉള്ളതാണെന്ന് പി. ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എം.വി ഗോവിന്ദനെതിരായ വിമര്‍ശനത്തിലാണ് പി. ജയരാജന്റെ പ്രതികരണം.

താന്‍ ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചു എന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കണ്ടു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പാര്‍ട്ടിയെയും എല്‍ഡിഎഫിനെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പി. ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിയും, പാര്‍ട്ടി സെക്രട്ടറിയും ശക്തമായ നേതൃത്വം ആണ് നല്‍കുന്നത്. ആ വിശ്വാസത്തെ ഇടിച്ചു തകര്‍ക്കുകയാണ് ലക്ഷ്യം എന്ന് പി. ജയരാജന്‍ പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് താന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന കമ്മിറ്റി തീരുമാനിച്ചുവെന്നും പി. ജയരാജന്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജൂണ്‍ 26,27 തീയതികളില്‍ ചേര്‍ന്ന സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചര്‍ച്ച എന്ന രൂപത്തില്‍ ചില മാധ്യമങ്ങളില്‍ എന്റെ പേരുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത കാണുകയുണ്ടായി. പാര്‍ടി സംസ്ഥാന സെക്രട്ടറിയെ പേരെടുത്ത് പറഞ്ഞും മുഖ്യമന്ത്രിയുടെ പേരുപറയാതെയും വിമര്‍ശിച്ചു എന്നാണ് ഈ വാര്‍ത്തകളില്‍ പറയുന്നത്.

വിമര്‍ശനവും സ്വയംവിമര്‍ശനവും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇല്ലാത്തതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളതുമായ ഒരു സവിശേഷതയാണ്. പക്ഷേ ഇത്തരം വാര്‍ത്തകള്‍, വലതുപക്ഷ രാഷ്ട്രീയത്തെ, വിശേഷിച്ച് കോണ്‍ഗ്രസ്സിനെയും ആര്‍.എസ്.എസ്-ബി.ജെ.പിയെയും നിശിതമായി എതിര്‍ത്തുകൊണ്ട് യഥാര്‍ത്ഥ ജനാധിപത്യ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.ഐ(എം) നെ തകര്‍ക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്.

സി.പി.ഐ(എം)നും ഇടതുപക്ഷ രാഷ്ട്രീയത്തിനും നേതൃത്വം നല്‍കികൊണ്ടും സമൂഹത്തിലെ വിവിധമേഖലകളില്‍ ഉയര്‍ന്നുവരുന്ന ജീര്‍ണ്ണതകള്‍ക്കെതിരായും മുഖ്യമന്ത്രി സ:പിണറായിയും പാര്‍ടി സെക്രട്ടറി സ:എം.വി. ഗോവിന്ദന്‍ മാസ്റ്ററും നല്‍കുന്ന ശക്തമായ നേതൃത്വത്തിലുള്ള വിശ്വാസം ഇടിച്ചു താഴ്ത്താനുള്ള ഉദ്ദേശമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലുള്ളത്.

അതിനാലാണ് പാര്‍ടി നേതൃത്വത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം വാര്‍ത്താ നിര്‍മ്മിതികള്‍ക്കെതിരായി നിയമനടപടി കൈക്കൊള്ളാന്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ടി സംസ്ഥാന കമ്മിറ്റിയില്‍ ഐകകണ്‌ഠേന തീരുമാനിച്ചത്.

TAGS :

Next Story