Quantcast

'റിജിൽ മാക്കുറ്റി ക്ലാസ്‌മേറ്റ്‌സിലെ സതീശൻ കഞ്ഞിക്കുഴി'; പരിഹാസവുമായി പി ജയരാജൻ

'അടി കൊണ്ടാലും മാധ്യമങ്ങളിൽ വാർത്ത വന്നല്ലോ എന്ന സന്തോഷവുമായി ഇരിക്കുകയാണ്'

MediaOne Logo

Web Desk

  • Published:

    21 Jan 2022 1:35 PM GMT

റിജിൽ മാക്കുറ്റി ക്ലാസ്‌മേറ്റ്‌സിലെ സതീശൻ കഞ്ഞിക്കുഴി; പരിഹാസവുമായി പി ജയരാജൻ
X

കണ്ണൂരിലെ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന കെ റെയിൽ വിശദീകരണ യോഗത്തിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ പരിഹാസവുമായി പി ജയരാജൻ. റിജിൽ മാക്കുറ്റി ക്ലാസ്മേറ്റ്സ് സിനിമയിലെ സതീശൻ കഞ്ഞിക്കുഴിയാണെന്നും അടി കൊണ്ടാലും മാധ്യമങ്ങളിൽ വാർത്ത വന്നല്ലോ എന്ന സന്തോഷവുമായി ഇരിക്കുകയാണെന്നും ജയരാജൻ പരിഹസിച്ചു. അറസ്റ്റിലായ ശേഷം റിജിൽ ഫേസ്ബുക്കിലിട്ട കുറിപ്പ് വായിച്ച് ചിരിക്കാനാണ് തോന്നിയത് എന്നും അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

കെ റെയിൽ വിരുദ്ധ സമരത്തിന്റെ പേരിൽ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന സർക്കാർ സംഘടിപ്പിച്ച കെ റെയിൽ വിശദീകരണ യോഗം കയ്യേറാൻ വന്ന റിജിൽ മക്കുറ്റി എന്ന കോൺഗ്രസ്‌ നേതാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ്‌ വായിച്ച് ചിരിക്കാനാണ് തോന്നിയത്.

ഈ നേതാവ് എന്റെ നാട്ടുകാരൻ കൂടിയാണ്. കോൺഗ്രസ്‌ പ്രവർത്തകൻ ആയതിനു ശേഷം ഖദർ മുണ്ടിലും ഖദർ ഷർട്ടിലും മാത്രമാണ് റിജിലിനെ കണ്ടിരുന്നത്. വ്യാഴാഴ്ച കെ റെയിൽ വിശദീകരണ യോഗത്തിൽ പങ്കെടുത്തിരുന്ന ഞങ്ങൾ ബഹളം കേട്ട് പുറത്തു വന്നപ്പോഴാണ് പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് പാന്റ്സും ഷർട്ടും ഇട്ട ഒരാൾ ഓടിപോകുന്നത് കണ്ടത്. അന്വേഷിച്ചപ്പോൾ അത് ഈ നേതാവാണെന്ന് മനസ്സിലായി. കൂടെവന്ന അനുയായികൾ എല്ലാം നേതാവിനെ ഉപേക്ഷിച്ച് നേരത്തെ ഓടി രക്ഷപ്പെട്ടിരുന്നു. യോഗം ആക്രമിച്ച് അലങ്കോലപ്പെടുത്താനായിരുന്നു നേതാവും കൂട്ടരും വന്നത്. പിന്നീടവർ പോലീസിന്റെ പിടിയിലുമായി. ഇതാണ് വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിച്ച പ്രതിഷേധ സമരം.

അറസ്റ്റിലായതിനെ തുടർന്നാണെന്ന് കരുതുന്നു റിജിലിന്റെ ഫേസ്ബുക് പോസ്റ്റ്‌. അതിലെ ഒരു വാചകമാണ് നമ്മെ ചിരിപ്പിക്കുന്നത്. മരണംവരെ കെ റെയിലിനെതിരെ സമരം ചെയ്യുമെന്നാണത്. റിജിലിനോടൊപ്പം തിരുവനന്തപുരത്തേക്ക് ട്രെയിനിൽ ചിലപ്പോൾ യാത്ര ചെയ്തിട്ടുണ്ട്. നിങ്ങളെന്തു സമരം ചെയ്താലും സിൽവർ ലൈൻ നിലവിൽ വരും.കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അർദ്ധ അതിവേഗ ട്രെയിനിൽ നമുക്കൊന്നിച്ചു യാത്ര ചെയ്യാം. അതിന് മരണം വരെ കാത്തിരിക്കേണ്ടിവരില്ല.

ജനങ്ങളെ വഴിതെറ്റിക്കുകയും ക്രിമിനൽ പ്രവർത്തനങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന കെ. എസ് ബ്രിഗേഡിന്റെ പ്രവർത്തനം ജയിലിൽ നിന്ന് പുറത്തിറങ്ങുന്നമുറയ്ക്ക് അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.ദേശീയപാത 45 മീറ്റർ വീതികൂട്ടുന്നതിനു കോൺഗ്രസ്സ് ഉൾപ്പടെ എല്ലാവരും സമ്മതിച്ചു.എന്നാൽ വികസനതിമെതിരെ തളിപ്പറമ്പ് കീഴാറ്റൂരിൽ കോലീബി സഖ്യം സമര പ്രഹസനമാണ് നടത്തിയത്.ഒടുവിലെന്തായി? വീതികൂടിയ 6 വരി പാതയിലൂടെ വലതുപക്ഷവും ഇടതുപക്ഷവും ഒന്നിച്ച് യാത്ര ചെയ്യും.സിൽവർ ലൈനിലും അതാണ് നടക്കാൻ പോകുന്നത്.

സ്റ്റേഷനിൽ ഇരിക്കുമ്പോളും റിജിൽ ഏറെ സന്തോഷവാനാണെന്നാണ് അറിയാൻ കഴിഞ്ഞത്.ലേശം ഉന്തും തള്ളും ഉണ്ടായെങ്കിലും പത്രങ്ങളിലും ചാനലുകളിലും നല്ല വാർത്ത വന്നല്ലോ. ക്ളാസ്മേറ്റ്സിലെ സതീശൻ കഞ്ഞിക്കുഴി തന്നെ.പബ്ലിസിറ്റിയാണല്ലോ പ്രധാനം.

TAGS :

Next Story