ഭരണകൂട ബലത്തിൽ വർഗീയവാദികളെ കയറൂരിവിട്ടിരിക്കുന്നു; സംഘ്പരിവാറിന് കീഴിൽ ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ല: പി. മുജീബുറഹ്മാൻ
'അക്രമസംഭവങ്ങൾക്ക് പിന്നിൽ തങ്ങൾ അല്ലെന്നുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ പ്രസ്താവന ക്രൂരവും പരിഹാസ്യവുമാണ്'.

കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന അക്രമ പരമ്പരകൾ അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. സംഘ്പരിവാർ വളമിട്ട് വളർത്തുന്ന ക്രൈസ്തവ വിരുദ്ധതയുടെ ഉദാഹരണമാണ് ഡൽഹിയിൽ ക്രിസ്മസ് ആഘോഷിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടന്ന അധിക്ഷേപവും കൈയേറ്റവും.
നൽബാരിയിൽ ക്രൈസ്തവ പള്ളികളിൽ അതിക്രമിച്ചുകയറി നശിപ്പിക്കുകയും തീയിടുകയും ചെയ്തിരിക്കുന്നു. വിദ്വേഷരാഷ്ട്രീയത്തിൻ്റെ സ്വാഭാവിക പരിണതിയാണിത്- അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
രാജ്യത്ത് വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തെയും സഹകരണത്തേയും നിരാകരിക്കുന്ന സമീപനമാണ് സംഘ്പരിവാർ സ്വീകരിക്കുന്നത്. ദേശീയ, സംസ്ഥാന ഭരണകൂടങ്ങളുടെ ബലത്തിൽ വർഗീയവാദികളെ കയറൂരി വിട്ടിരിക്കുകയാണ്. സംഘ്പരിവാറിന് കീഴിൽ ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ സുരക്ഷിതരല്ലെന്ന് ഈ അക്രമസംഭവങ്ങൾ വീണ്ടും തെളിയിക്കുന്നു.
ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുകയും ആവർത്തിക്കാതിരിക്കാനുള്ള സമീപനം സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും വേണം. അപരവിദ്വേഷം നിരന്തരമായി വളർത്തിക്കൊണ്ടിരിക്കുകയും എന്നാൽ അക്രമസംഭവങ്ങൾക്ക് പിന്നിൽ തങ്ങൾ അല്ലെന്നുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ പ്രസ്താവന ക്രൂരവും പരിഹാസ്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

