പ്രതിഷേധക്കാരുടെ വാഹനം പിടിച്ചെടുക്കൽ: ഫാസിസ്റ്റ് നടപടിയിൽനിന്ന് പിണറായി സർക്കാർ പിന്തിരിയണമെന്ന് പി. മുജീബ് റഹ്മാൻ
ബുധനാഴ്ച സോളിഡാരിറ്റിയും എസ്ഐഒയും നടത്തുന്ന കോഴിക്കോട് വിമാനത്താവള ഉപരോധത്തിന് എത്തുന്നവരുടെ വാഹനം പിടിച്ചെടുക്കുമെന്നാണ് പൊലീസ് ഉത്തരവ്

കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരെ ബുധനാഴ്ച സോളിഡാരിറ്റിയും എസ്ഐഒയും പ്രഖ്യാപിച്ച കോഴിക്കോട് വിമാനത്താവള ഉപരോധത്തിന് എത്തുന്നവരുടെ വാഹനം പിടിച്ചെടുക്കുമെന്ന കൊണ്ടോട്ടി പൊലീസിന്റെ ഉത്തരവിനെതിരെ ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ.
രാജ്യത്തെ ഭരണഘടന നൽകുന്ന പൗരാവകാശങ്ങൾക്ക് അർഹതയുള്ളവരാണ് രാജ്യത്തെ ഓരോ പൗരനും. ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തേയും അവകാശങ്ങളേയും കേന്ദ്രസർക്കാർ നിഷേധിക്കുമ്പോൾ അതിനെതിരെ പ്രതിഷേധമുയർത്തുക എന്നത് ഏതൊരു പൗരന്റെയും പൗരാവകാശ സംഘങ്ങളുടെയും ബാധ്യതയും അവകാശവുമാണ്. ആ അവകാശം എസ്ഐഒവിനും സോളിഡാരിറ്റിയ്ക്കുമുണ്ട്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് സർക്കാർ ജനാധിപത്യമൂല്യങ്ങളെ നിരാകരിക്കുമ്പോൾ പ്രതിഷേധിക്കാനുള്ള അവസരം പോലും നിഷേധിക്കാനെങ്കിൽ കേരളത്തിനെന്തിനാണ് ഒരു ഇടതുപക്ഷ സർക്കാർ? ന്യൂനപക്ഷ വേട്ട തൊഴിലാക്കിയ ഡൽഹി, യുപി പൊലീസിനോട് മത്സരിക്കാനെങ്കിൽ കേരളത്തിനെന്തിനാണ് ഒരു ഇടത് അഭ്യന്തരം?
വൈകിയിട്ടില്ല, ഈ ഫാസിസ്റ്റ് നടപടിയിൽനിന്നും പിണറായി സർക്കാർ പിന്തിരിയണം. ഇത്തരം ഭരണകൂട തിട്ടൂരങ്ങൾക്ക് വഴങ്ങാൻ ഇന്ത്യയിലെ ഈ മർദിത ന്യൂനപക്ഷത്തിനാവില്ലെന്നും പി. മുജീബ് റഹ്മാൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Adjust Story Font
16