ബലിപെരുന്നാൾ: വെറുപ്പിനെതിരെ മാനവികതയുടെ സമരപ്രഖ്യാപനം - പി. മുജീബുറഹ്മാൻ
ലോകത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രാർഥനാനിർഭരമാവേണ്ട സന്ദർഭമാണ് ബലിപെരുന്നാൾ എന്നും മുജീബുറഹ്മാൻ പറഞ്ഞു.

പി. മുജീബുറഹ്മാന്‍
കോഴിക്കോട് : അപരനെ വെറുക്കുകയും അധികാരം ഫാഷിസമായി പരിണമിക്കുകയും ചെയ്യുന്നതിനെതിരായ സമരപ്രഖ്യാപനമാണ് ബലി പെരുന്നാൾ എന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ തൻ്റെ സന്ദേശത്തിൽ പറഞ്ഞു. ജീവിതത്തിൻ്റെ സമ്പൂർണ വിശുദ്ധിയും അതിനുവേണ്ടി ഭൗതിക താത്പര്യങ്ങളെ വെടിയലുമാണ് ബലിപെരുന്നാളിൻ്റെ സന്ദേശം. മനുഷ്യൻ്റെ അന്തസിനെ അപകടപ്പെടുത്തുന്ന മൂല്യങ്ങൾക്കും ശക്തികൾക്കുമെതിരെ ജീവിതത്തെ സമർപ്പിച്ച ഇബ്റാഹീം(അ)ൻ്റെയും കുടുബത്തിൻ്റെ അനശ്വര മാതൃകയാണ് ബലി പെരുന്നാളിൽ അനുസ്മരിക്കപ്പെടുന്നത്.
സ്രഷ്ടാവായ ദൈവത്തിന് ജീവിതത്തെ സമ്പൂർണമായും വിധേയപ്പെടുത്തലാണ് മനുഷ്യവിമോചനത്തിൻ്റെ ഏകവഴി എന്ന് ഇബ്റാഹീം പ്രവാചകൻ ലോകത്തെ പഠിപ്പിച്ചു. അധികാരം ലഭിച്ചതിൻ്റെ പേരിൽ ജനങ്ങളെ അടിമകളായി കാണുകയും ആട്ടിപ്പുറത്താക്കുകയും ചെയ്യുന്ന ഭരണകൂടത്തിനെതിര് നിൽക്കാൻ ഇബ്റാഹീം മാതൃക ആഹ്വാനം ചെയ്യുന്നു. അനീതിയ്ക്കെതിരെ പൊരുതാൻ ഭൗതികമോഹങ്ങളെയെല്ലാം ത്യജിക്കുന്ന സംഘം ഉണ്ടാവണമെന്ന് ഇബ്റാഹീം നബി പ്രാർഥിച്ചു. എല്ലാ വൈജാത്യങ്ങൾക്കും അതീതമായി മനുഷ്യരെ ചേർത്ത് പിടിക്കാൻ സാധിക്കണം. ലോകത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രാർഥനാനിർഭരമാവേണ്ട സന്ദർഭമാണ് ബലിപെരുന്നാൾ. എല്ലാവർക്കും ഈദ് സന്തോഷം ആശംസിച്ച മുജീബ് റഹ്മാൻ ഗസ്സയിൽ പൊരുതിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ സമൂഹത്തോട് ഐക്യദാർഢ്യപ്പെടാനും പെരുന്നാൾ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
Adjust Story Font
16

