Quantcast

പി.രാജീവിന്റെ പാർലമെന്റ് ഇടപെടലുകളെ പ്രശംസിച്ച് പിയൂഷ് ഗോയൽ

പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ച പ്രത്യേക ചർച്ചയിലാണ് മുൻ എം.പിയായ പി.രാജീവിന്റെ പാർലമെന്ററി ഇടപെടലുകളെ പിയൂഷ് ഗോയൽ മുക്തകണ്ഠം പ്രശംസിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-21 12:13:45.0

Published:

21 Sep 2023 9:27 AM GMT

p rajiv
X

ന്യൂഡല്‍ഹി: പി രാജീവിന്റെ പാർലമെന്‍ററി ഇടപെടലുകളെ പ്രശംസിച്ച് കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി പിയൂഷ് ഗോയൽ. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ച പ്രത്യേക ചർച്ചയിലാണ് മുൻ എം.പിയായ പി.രാജീവിന്റെ പാർലമെന്ററി ഇടപെടലുകളെ പിയൂഷ് ഗോയൽ മുക്തകണ്ഠം പ്രശംസിച്ചത്. ചർച്ചകൾക്ക് തുടക്കം കുറിച്ച ഗോയൽ പാർലമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച മുൻ എം.പിമാരുടെ പേരുകൾ ഓരോന്നായി എണ്ണിപ്പറയുകയായിരുന്നു. കൂട്ടത്തിൽ പി.രാജീവിന്റെ പേരും എടുത്ത് പറഞ്ഞു. രാജീവ് നല്ല തയ്യാറെടുപ്പോടെയാണ് പാർലമെന്റിൽ എത്താറുള്ളതെന്നും പലർക്കും അറിയാത്ത പുതിയ വിഷയങ്ങൾ അദ്ദേഹം പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാറുണ്ടെന്നും ഗോയല്‍ പറഞ്ഞു.

''കേരളത്തിൽ നിന്ന് പി.രാജീവ് എന്നൊരു എം.പിയുണ്ടായിരുന്നു. ഇപ്പോഴദ്ദേഹം കേരളത്തിൽ മന്ത്രിയാണ്. സി.പി.എമ്മിന്‍റെ മുതിർന്ന നേതാവായ രാജീവ് നല്ല തയ്യാറെടുപ്പുകളോടെയാണ് സഭയിൽ വരാറുണ്ടായിരുന്നത്. നമ്മിൽ പലർക്കും അറിയാത്ത പുതിയ വിഷയങ്ങൾ അദ്ദേഹം സഭയുടെ ശ്രദ്ധയിൽ കൊണ്ടു വരാറുണ്ടായിരുന്നു. കേരളത്തിൽ വച്ചാണെങ്കിലും ഡൽഹിയിൽ വച്ചാണെങ്കിലും അദ്ദേഹത്തെ കാണുമ്പോൾ സൗഹൃദം പുതുക്കാറുണ്ട്. നമുക്കിടയിൽ പല വിയോജിപ്പുകളുമുണ്ടാവും. എന്നാൽ അതെല്ലാം ഉൾക്കൊണ്ടു തന്നെ രാജ്യത്തിനായി യോജിച്ച് പോവുകയാണെങ്കില്‍ ഉന്നതികളിലേക്ക് കുതിക്കാനാവും''- പിയൂഷ് ഗോയൽ പറഞ്ഞു.

സഭാ നേതാവായ പിയൂഷ് ഗോയലിന്‍റെ പ്രസംഗത്തിൽ തന്‍റെ പാർലമെന്ററി ഇടപെടലുകൾ പ്രത്യേകം പരാമർശിച്ചെന്ന് ചില എംപിമാർ വിളിച്ചു പറഞ്ഞിരുന്നെന്നും സഭ ഓർമ്മിക്കുന്ന സംഭാവനകളിൽ ഉൾപ്പെട്ടുവെന്നതിൽ മലയാളിയെന്ന നിലയിൽ അഭിമാനമുണ്ടെന്നും പി.രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

പി.രാജീവിന്‍റെ കുറിപ്പ്

''ആറു വർഷത്തെ രാജ്യസഭയിലെ പ്രവർത്തനം പൊതുജീവിതത്തിലെ ഏറ്റവും ജീവത്തായ അനുഭവങ്ങളുടേതാണ്. അന്ന് പ്രവർത്തിച്ച പാർലമെന്റ് മന്ദിരം സ്മാരകമായി. പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി രാജ്യസഭ കഴിഞ്ഞ ദിവസം പ്രത്യേക സമ്മേളനം ചേരുകയുണ്ടായി. സഭാ നേതാവായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പിന്നിട്ട വഴികളിലെ സംഭാവനകൾ അവതരിപ്പിച്ച പ്രസംഗത്തിൽ എന്റെ പാർലമെന്ററി ഇടപെടലുകൾ പ്രത്യേകം പരാമർശിച്ചെന്ന് ചില എംപിമാർ വിളിച്ചു പറഞ്ഞിരുന്നു. ഇന്നാണ് വീഡിയോ ലഭിച്ചത്. സഭ ഓർമ്മിക്കുന്ന സംഭാവനകളിൽ ഉൾപ്പെട്ടുവെന്നതിൽ മലയാളിയെന്ന നിലയിൽ പ്രത്യേക അഭിമാനം''

TAGS :

Next Story