Quantcast

ഇടയ്ക്കിടയ്ക്ക് വിദേശത്തു പോയിക്കളയാം എന്നു കരുതുന്നവരല്ല ഇടത് മന്ത്രിമാർ: മന്ത്രി മുഹമ്മദ് റിയാസ്

'പതിനഞ്ചു മാസത്തിനിടെ ഒരു തവണ മാത്രമാണ് വിദേശത്തു പോയത്'

MediaOne Logo

Web Desk

  • Updated:

    2022-09-15 04:53:05.0

Published:

15 Sept 2022 10:07 AM IST

ഇടയ്ക്കിടയ്ക്ക് വിദേശത്തു പോയിക്കളയാം എന്നു കരുതുന്നവരല്ല ഇടത് മന്ത്രിമാർ: മന്ത്രി മുഹമ്മദ് റിയാസ്
X

മന്ത്രിമാർ ആവശ്യങ്ങൾക്കു വിദേശത്തു പോകുന്നത് തെറ്റല്ലെന്നും ഇടയ്ക്കിടയ്ക്ക് വിദേശത്തു പോയിക്കളയാം എന്നു കരുതുന്നവരല്ല ഇടത് മന്ത്രിമാരെന്നും ടൂറിസം വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ്. അധികാരത്തിലിരുന്ന പതിനഞ്ചു മാസത്തിനിടെ ഒരു തവണ മാത്രമാണ് താന്‍ വിദേശത്തു പോയതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഏറ്റവും കൂടുതൽ വിദേശയാത്ര നടത്താൻ നിർബന്ധിക്കപ്പെടുന്നത് ടൂറിസം മന്ത്രിയാണ്. 15 മാസത്തിനിടെ യുഎഇയിൽ മാത്രമാണ് പോയത്. മൂന്നു നാലു സ്ഥലത്ത് പോകേണ്ടതുണ്ടായിരുന്നു. എന്നാൽ പല കാരണങ്ങൾ പറ്റിയില്ല. ഫ്രാൻസിൽ ഇന്റർനാഷണൽ ആൻഡ് ഫ്രഞ്ച് ട്രാവൽ മാർട്ട് നടക്കുകയാണ്. അതിൽ ടൂറിസം വകുപ്പു മന്ത്രിയും സംഘവും പങ്കെടുക്കേണ്ടതുണ്ട്. ഫ്രാൻസുമായി നമുക്ക് ഒരുപാട് സാംസ്‌കാരിക വിനിമയങ്ങളുണ്ട്. 2017ലെ കണക്കുപ്രകാരം ഫ്രാൻസിൽനിന്ന് 97000 പേർ കേരളത്തിലെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ട്രാവർ മാർട്ടിൽ പങ്കെടുക്കുന്നത് ഉത്തരവാദിത്വമായി കാണുന്നു.' - റിയാസ് പറഞ്ഞു.

'ഇടതുപക്ഷ മന്ത്രിമാർ എങ്ങനെ പ്രവർത്തിക്കണമെന്ന് കൃത്യമായ ധാരണയുണ്ട്. ആവശ്യാർത്ഥം വിദേശത്ത് യാത്ര ചെയ്യുക എന്നത് സാധാരണയാണ്. ആഭ്യന്തര സഞ്ചാരികളിൽ ഉണ്ടായ കുതിപ്പ് വിദേശ സഞ്ചാരികളിലുമുണ്ടാകണം. ഫ്രഞ്ച് യാത്രയിലൂടെ അത് സാധ്യമാകുമെന്നാണ് കരുതുന്നത്. ഒരു ലക്ഷം ഫ്രഞ്ച് സഞ്ചാരികളെ ആകർഷിക്കാനാണ് ശ്രമിക്കുന്നത്. അതിന് സാധിക്കും. ഇടയ്ക്കിടയ്ക്ക് ഒന്നു വിദേശത്തു പോയിക്കളയാം എന്നു കരുതുന്നവരല്ല ഇടതുപക്ഷ മന്ത്രിമാർ.' - അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണത്തെ ഓണാഘോഷം അതിഗംഭീരമായി നടന്നുവെന്നും മന്ത്രി പറഞ്ഞു. 'ഇത്തവണ വാശിയോടു കൂടെയാണ് ഓണം ആഘോഷിച്ചത്. റിവഞ്ച് ഓണാഘോഷമായിരുന്നു അത്. റിവഞ്ച് ടൂറിസത്തെ കുറിച്ച് ഞാൻ നേരത്തെ പറഞ്ഞതാണ്. അതുപോലെ ആയിരുന്നു റിവഞ്ച് ഓണാഘോഷം.'

TAGS :

Next Story