Quantcast

വീൽച്ചെയറിനെ ചിറകുകളാക്കി; ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് റാബിയ ഓർമയായി

വൈകല്യത്തെയും പ്രാരാബ്ദങ്ങളെയും അര്‍ബുദത്തെയും നട്ടെല്ലൊടിച്ച അപകടത്തെയുമെല്ലാം പുഞ്ചിരിച്ച് തോല്‍പ്പിച്ചാണ് റാബിയ ലോകത്തിന് മാതൃകയായത്

MediaOne Logo

Web Desk

  • Published:

    4 May 2025 1:46 PM IST

വീൽച്ചെയറിനെ ചിറകുകളാക്കി; ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് റാബിയ ഓർമയായി
X

മലപ്പുറം: സാക്ഷരതാ പ്രവർത്തക എന്നതിലപ്പുറം സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ നിറസാന്നിധ്യമായിരുന്നു പത്മശ്രീ കെ.വി റാബിയ. വീല്‍ചെയറിനെ ആര്‍ജ്ജവത്തിന്റെ അടയാളമാക്കി പുനഃപ്രതിഷ്ഠിക്കുകയായിരുന്നു അവർ. ജീവിതത്തിന് മുന്നിൽ ഓരോന്നായി എത്തിയ പ്രതിസന്ധികളെ വകഞ്ഞു മാറ്റിയാണ് അവർ മുന്നേറിയത്. അവസാന ശ്വാസംവരെ തന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു റാബിയ.


തിരൂരങ്ങാടി വെള്ളിനക്കാട് കറിവേപ്പില്‍ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും ആറ് മക്കളില്‍ രണ്ടാമത്തെ മകളായി 1966 ഫെബ്രുവരി 25-നാണ് റാബിയയുടെ ജനനം. കടലുണ്ടിപ്പുഴയോരത്ത് വെള്ളിനക്കാട് ഗ്രാമത്തിലെ ഒരു കൊച്ചുകൂരയില്‍ നിരാശയുടെ കരിമ്പടത്തിനുള്ളില്‍ ഹോമിക്കപ്പേടേണ്ട ജീവിതത്തെ, ഇച്ഛാശക്തിയുടെ പിന്‍ബലത്തോടെയാണ് റാബിയ മുന്നോട്ട് നയിച്ചത്.

തന്റെ മുന്നോട്ടുള്ള കുതിപ്പിന് വിലങ്ങു തീര്‍ത്ത വൈകല്യത്തെയും പ്രാരാബ്ദങ്ങളെയും അര്‍ബുദത്തെയും നട്ടെല്ലൊടിച്ച അപകടത്തെയുമെല്ലാം പുഞ്ചിരിച്ച് തോല്‍പ്പിച്ചാണ് റാബിയ ലോകത്തിനു മാതൃകയായി മാറിയത്.ഒമ്പതാം ക്ലാസ് വരെ എല്ലാവരെയും പോലെ സ്‌കൂളിലേക്ക് നടന്ന് പോയി പഠിക്കാന്‍ സാധിച്ചുള്ളൂ. പത്താം ക്ലാസിലെത്തിയപ്പോഴേക്കും തളര്‍ന്ന് വീണു.

തന്റെ വായനയിലൂടെ സ്വായത്തമാക്കിയ അറിവുകളും അനുഭവങ്ങളും രൂപപ്പെടുത്തി റാബിയ എഴുതിയ 'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്' എന്ന ആത്മകഥ തലമുറകള്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും പകരുന്നതാണ്.


അനൗപചാരികമായ വിദ്യഭ്യാസത്തിലൂടെ അറിവിന്റെ വേണ്ടത്ര കവാടങ്ങള്‍ തുറക്കാന്‍ റാബിയക്ക് സാധിച്ചു. 90 കളില്‍ സാക്ഷരതാ പ്രവർത്തനങ്ങളിലൂടെടെയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമാകുന്നത് .ഭിന്നശേഷി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 1994-ല്‍ ചലനം ചാരിറ്റബിള്‍ സൊസൈറ്റിക്ക് രൂപം നല്‍കി.

നൂറുകണക്കിനാളുകള്‍ക്ക് അക്ഷരം പകര്‍ന്നു കൊടുത്ത സാക്ഷരാ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎന്‍ മികച്ച സാക്ഷരതാ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. 2002ൽ കേന്ദ്രസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2014 സംസ്ഥാന സർക്കാരിന്റെ വനിതാരത്നം അവാർഡ് ഉൾപ്പെടെ63 പുരസ്‌കാരങ്ങൾ റാബിയയേ തേടിയെത്തി. ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നും,ഒരു നാടിനെ വികസനത്തിലേക്ക് കൈപിടിച്ചുയർത്തിയുമാണ് കെ.വി റാബിയ യാത്രയാകുന്നത്.


TAGS :

Next Story