പഹൽഗാം: സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവെക്കണം - റസാഖ് പാലേരി
അക്രമത്തിന് കാരണമായ സുരക്ഷാവീഴ്ചയുടെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനാണെന്ന് വെൽഫെയർ പാർട്ടി പ്രസിഡന്റ് പറഞ്ഞു

പത്തനംതിട്ട: പഹൽഗാമില്‍ നടന്നത് അത്യന്തം ഹീനമായ അക്രമണമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സാഹോദര്യ കേരള പദയാത്രക്ക് ചുങ്കപ്പാറ ജംഗ്ഷനിൽ നൽകിയ സ്വീകരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിലിയന്മാരാണ് പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. പൗരന്മാരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് ഭരണാധികാരികളാണ്. അതവരുടെ ഉത്തരവാദിത്വമാണ്. പ്രത്യേകിച്ചും കശ്മീരിനുള്ള പ്രത്യേക പദവി ഇല്ലാതാക്കിയ ശേഷം കേന്ദ്രം നേരിട്ട് നിയന്ത്രിക്കുന്ന സുരക്ഷാസംവിധാനങ്ങളാണ് അവിടെയുള്ളത്. അതിനാല്‍ അക്രമത്തിന് കാരണമായ സുരക്ഷാവീഴ്ചയുടെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനാണ്.
പൗരന്മാർക്ക് സുരക്ഷ ഉറപ്പാക്കാനാകുന്നില്ലെങ്കില്‍ രാജിവെക്കുകയാണ് പ്രധാനമന്ത്രിയും പ്രതിരോധ - അഭ്യന്തര മന്ത്രിമാരും ചെയ്യേണ്ടത്. കശ്മീരില്‍ സമാന രീതിയില്‍ മുമ്പ് അക്രമം നടന്നപ്പോള്‍ ഇന്നത്തെ പ്രധാനമന്ത്രി അന്ന് ആവശ്യപ്പെട്ടത് രാജ്യസുരക്ഷ ഉറപ്പാക്കാനാകുന്നില്ലെങ്കില്‍ രാജിവെക്കണമെന്നാണ്. അതുതന്നെയാണ് ഇന്നും രാജ്യനിവാസികള്‍ക്ക് സര്‍ക്കാറിനോട് പറയാനുള്ളതെന്ന് റസാഖ് പാലേരി വ്യക്തമാക്കി.
കശ്മീര്‍ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മലയാളി രാമചന്ദ്രന്റെ മകള്‍ അവരെ രക്ഷപ്പെടുത്തിയതും അപകട സമയത്ത് സഹായിച്ചതും കശ്മീര്‍ മുസ്‌ലിം യുവാക്കളാണെന്ന് പറയുന്നുണ്ട്. അത്തരം സാഹോദര്യത്തിന്റെ മാതൃകകള്‍ ഉയര്‍ത്തിക്കാണിക്കുകയും രാജ്യത്ത് കൂടുതല്‍ ഇത്തരം സഹവര്‍ത്തിത്തങ്ങള്‍ സാധ്യമാക്കുകയും ചെയ്യണം. നമ്മുടെ ഒന്നിച്ചുള്ള അതിജീവനം സാധ്യമാക്കാന്‍ ഈ സാഹോദര്യം ആവശ്യമാണ്. അതാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പദയാത്രയുടെ സന്ദേശമെന്നും റസാഖ് പാലേരി പറഞ്ഞു.
"നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം" എന്ന തലക്കെട്ടിൽ സംസ്ഥാനത്തെ 14 ജില്ലകളിലുമായി സംഘടിപ്പിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ ഭാഗമായി ചുങ്കപ്പാറയിൽ നടന്ന പര്യടനത്തിൽ റാന്നി മണ്ഡലത്തിലെ പ്രവർത്തകർ അണിചേർന്നു. പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, എഫ്ഐടിയു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ എന്നിവർ സംസാരിച്ചു.ജില്ല പ്രസിഡൻ്റ് ഷാജി റസാഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ല ജനറൽ സെക്രട്ടറി അജിത് മാന്തുക സ്വാഗതം പറഞ്ഞു.
Adjust Story Font
16

