നെഞ്ച് പൊള്ളിക്കുന്ന ഓര്‍മകള്‍ ബാക്കി; പ്രിയ കൂട്ടുകാരികള്‍ ഒരുമിച്ച് യാത്രയായി, വിട ചൊല്ലി നാട്
വിങ്ങിപ്പൊട്ടി ഉറ്റവരും ബന്ധുക്കളും സഹപാഠികളും പ്രിയപ്പെട്ടവര്‍ക്ക് യാത്രാമൊഴി ചൊല്ലി

പാലക്കാട്: പാലക്കാട് പനയംപാടം അപകടത്തിൽ മരിച്ച വിദ്യാര്‍ഥിനികള്‍ക്ക് അടുത്തടുത്ത ഖബറിടങ്ങളിൽ അന്ത്യ വിശ്രമം. വിങ്ങിപ്പൊട്ടി ഉറ്റവരും ബന്ധുക്കളും സഹപാഠികളും പ്രിയപ്പെട്ടവര്‍ക്ക് യാത്രാമൊഴി ചൊല്ലി. റിദ ഫാത്തിമ , നിദാ ഫാത്തിമ , ആയിഷ എ.എസ് , ഇർഫാന ഷെറിൻ ... കുട്ടിക്കാലം മുതൽ ഒരുമിച്ച് കളിച്ച് വളർന്നവർ ....... ഏതൊരു കാര്യത്തിനും ഒന്നിച്ച് ഉണ്ടായവർ . അന്ത്യയാത്രയും ഒന്നിച്ച് ..
തുപ്പനാട് ജുമാ മസ്ജിദിലെ ഖബര്‍സ്ഥാനില്‍ അവര്‍ ഒരുമിച്ചുറങ്ങുമ്പോള്‍ ഒരു മണ്‍തിട്ടയുടെ അകലം മാത്രമാണ് അവര്‍ തമ്മിലുണ്ടായിരുന്നത്. പ്രിയപ്പെട്ടവരെ അവസാന യാത്രക്ക് ഒരുക്കാന്‍ ഒരു നാട് തന്നെ ഒഴുകിയെത്തിയിരുന്നു. ഇന് കരിമ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സഹപാഠികളോ അവര്‍ ജനിച്ചു വളര്‍ന്ന നാടോ ഇനി അവരെ കാണില്ല. കളിചിരികളോടെ അവര്‍ നടന്നുപോകുന്നത് ആ നാട്ടുകാര്‍ ഇനി കാണില്ല..എല്ലാം വേദനിക്കുന്ന ഓര്‍മകളായി.
രാവിലെ 6 മണിക്കാണ് മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ നിന്നും വീടുകളിൽ എത്തിച്ചത് . പരീക്ഷ എഴുതാൻ സന്തോഷത്തോടെ പോയ മക്കൾ ചേതനയറ്റ് വീടുകളിലേക്ക് തിരിച്ചെത്തിയപ്പോൾ ഒരു നാടാകെ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു.
എട്ടുമണിയോടെ കരിമ്പനയ്ക്കൽ ഹോളിലേക്ക് പൊതുദർശനത്തിനായി മൃതദേഹങ്ങൾ കൊണ്ടുവന്നു . നൂറുകണക്കിന് ആളുകൾ ഇവിടേക്ക് എത്തി .കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് എല്ലാവരും മടങ്ങിയത് . ഇന്നലെ സ്കൂളിൽ നിന്നും പോയ തങ്ങളുടെ സുഹൃത്തുക്കൾ ഇനിയില്ലെന്ന് വിശ്വസിക്കാൻ സഹപാഠികൾക്കും സാധിച്ചില്ല.
മന്ത്രിമാരായ എം.ബി രാജേഷ് , കെ. കൃഷ്ണൻകുട്ടി , മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ , പി. കെ കുഞ്ഞാലിക്കുട്ടി എന്നിവരും അന്തിമോപചാരമർപ്പിക്കാൻ എത്തി . തുടർന്ന് തുപ്പനാട് ജുമാ മസ്ജിദിൽ ഖബറടക്കം . അടുത്തടുത്തായി തയ്യാറാക്കിയ ഖബറുകളിൽ ഈ സുഹൃത്തുക്കൾ ഇനി വിശ്രമിക്കും . കൺമുമ്പിൽ കളിച്ചു വളർന്ന കുട്ടികളുടെ വേർപാട് നാടിന് തീരാനോവായി തുടരും.
Adjust Story Font
16

