'ഒപ്പനയിലെ സ്ഥിരം മണവാട്ടി ആയിഷ'; ഇനിയില്ല ആ ചിരി, വേദനിപ്പിക്കുന്ന ഓര്‍മകള്‍ മാത്രം
ശ്രീകൃഷ്ണപുരത്തു നടന്ന പാലക്കാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിലും പങ്കെടുത്തിരുന്നു

പാലക്കാട്: അപകടത്തില്‍ മരിച്ച നാലുപേരും വീട്ടുകാരുടെയും നാട്ടുകാരുടെയും പൊന്നോമനകളായിരുന്നു...അപ്രതീക്ഷിതമായ വിയോഗത്തില്‍ തകര്‍ന്ന കുടുംബത്തോട് എന്ത് പറയും, എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.
സ്കൂള്‍ കലോത്സവങ്ങളിലെ ഒപ്പനകളിലെ സ്ഥിരം മണവാട്ടിയായിരുന്നു ആയിഷ. പഠിക്കാനും മിടുക്കി...ഇന്നലെ വരെ കളിച്ചു ചിരിച്ച് സ്കൂളിലൂടെ നടന്നിരുന്ന ആയിഷയുടെ ചേതനയറ്റ മുഖം കാണാന്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും കരുത്തുണ്ടായിരുന്നില്ല. രണ്ടാം ക്ലാസ് മുതല്‍ 8 വരെ സ്‌കൂളില്‍ നടക്കുന്ന ഒപ്പനമത്സരങ്ങളില്‍ സ്ഥിരം മണവാട്ടിയാകുന്നത് ആയിഷ ആയിരുന്നുവെന്ന് ഒരു ബന്ധു പറയുന്നു.ശ്രീകൃഷ്ണപുരത്തു നടന്ന പാലക്കാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിലും പങ്കെടുത്തിരുന്നു.
അപകടത്തില്‍ മരിച്ച ഇര്‍ഫാനയും റിദയും നിദയുമെല്ലാം എല്ലാവരുടെയും പ്രിയപ്പെട്ടവരായിരുന്നു. തങ്ങളുടെ കണ്‍മുന്നില്‍ കളിച്ചു വളര്‍ന്ന മക്കള്‍. റിദയാകട്ടെ സാമ്പത്തിക ബുദ്ധിമുട്ടില്‍ കഴിയുന്ന ചെറിയ കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു. ഓട്ടോ ഡ്രൈവറാണ് റിദയുടെ പിതാവ്. ഒരു ദിവസം ജോലിക്ക് പോയില്ലെങ്കില്‍ ആ വീട് പട്ടിണിയാകുന്ന അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഓട്ടോയുടെ മാസ അടവ് അടയ്ക്കാന്‍ പോലും വിഷമിക്കുന്ന റഫീഖിനെ ഇവിടുത്തുകാര്‍ കാണുന്നതാണ്. ഒറ്റമുറി വീട്ടിലാണ് റിദയുടെ കുടുംബം താമസിക്കുന്നത്.
വെറും 100 മീറ്റര്‍ ചുറ്റളവിലാണ് മരിച്ച നാല് കൂട്ടുകാരികളുടെയും വീടുകള്‍. അത്രയും അടുത്തടുത്ത വീടുകളിലായതുകൊണ്ട് തന്നെ അത്ര അടുപ്പമായിരുന്നു നാല് പേരും തമ്മില്‍. കുട്ടിക്കാലം തൊട്ടേ ഒരുമിച്ചായിരുന്നു...ആദ്യം ഒരേ ക്ലാസുകളിലായിരുന്നില്ല, പിന്നീട് ഈ വര്‍ഷമാണ് നാല് പേരും ഒരു ഡിവിഷനിലേക്ക് എത്തുന്നത്. ആ സന്തോഷത്തിലായിരുന്നു ആയിഷയും റിദയും നിദയും ഇര്‍ഫാനയും. പക്ഷെ ആ സന്തോഷത്തിന് ഇന്നലെ വൈകുന്നരം വരെയെ ആയുസുണ്ടായിരുന്നുള്ളൂ...ഒരേ നാട്ടില്‍ ഒരേ സ്കൂളില്‍ ഒരു ക്ലാസില്‍ പഠിച്ചു കളിച്ചു വളര്‍ന്നവര്‍ ഒന്നിച്ച് മടങ്ങുകയാണ്....
Adjust Story Font
16

