'ബലമായി വലിച്ചിഴച്ചു; അവൾക്ക് ഒച്ചവെക്കാൻ പോലുമായില്ല'; മണ്ണാർക്കാട് പതിമൂന്നുകാരി നേരിട്ടത് ക്രൂരപീഡനം
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ചേലഞ്ചേരിയിൽ 13 വയസുള്ള ആദിവാസി പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ അയൽവാസിയായ പ്രതി ദിനചന്ദ്രനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പെൺകുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടുവെന്നും ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു.
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. പ്രതി മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോവുകയും ബലമായി പിടിച്ചുവെച്ച് ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. സ്കൂളിൽ പോയി വരുന്ന വഴിയിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ഭയം മൂലം ആരോടും വിവരം പറഞ്ഞിരുന്നില്ല. ആശാ വർക്കർ ഇടപെട്ട് കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെട്ടത്.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ദിനചന്ദ്രൻ നിലവിൽ റിമാൻഡിലാണ്. ശിശു സംരക്ഷണസമിതിയുടെ സംരക്ഷണയിലാണ് കുട്ടി. കുട്ടിയുടെ മാനസികവും ശാരീരികവുമായ ആഘാതം കണക്കിലെടുത്ത് വിദഗ്ധ ചികിത്സയും കൗൺസിലിങ്ങും നൽകിവരുന്നുണ്ട്.
Adjust Story Font
16

