'കാശ് കൊടുത്തിട്ട് സേവനം ലഭിക്കുന്നില്ലെങ്കിൽ പിന്നെയെന്തിന് കൊടുക്കുന്നു'; പാലിയേക്കര ടോൾ വിലക്ക് തുടരും
സർവീസ് റോഡുകൾ നന്നാക്കി പ്രശ്‌ന പരിഹാരമുണ്ടാക്കിയതിന് ശേഷം മാത്രം അനുമതി നൽകാമെന്ന് ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിന് അനുമതി നൽകാൻ വിസമ്മതിച്ച് ഹൈക്കോടതി. മുരിങ്ങൂരിലെ സർവീസ് റോഡ് തകർന്നതാണ് ദേശീയപാത അതോറിറ്റിക്ക് തിരിച്ചടിയായത്. ടോൾ പിരിവ് മരവിപ്പിച്ച ഇടക്കാല ഉത്തരവ് അടുത്ത വ്യാഴാഴ്ച വരെ തുടരും.
ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി മരവിപ്പിച്ചത്. സർവീസ് റോഡുകൾ നന്നാക്കി, പരിഹരിച്ച ശേഷം മാത്രം അനുമതി നൽകാമെന്നാണ് കോടതി വ്യക്തമാക്കിയത്. പ്രശ്‌നങ്ങൾ പരിഹരിച്ചതായി ദേശീയപാതാ അതോറിറ്റിയും, ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഗതാഗത മാനേജ്‌മെൻറ് കമ്മിറ്റിയും കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ച് ഇന്ന് ടോൾ പിരിവ് പുനരാരംഭിക്കാൻ അനുമതി നൽകാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ മുരിങ്ങൂരിലെ സർവീസ് റോഡ് തകർന്നത് ദേശീയപാതാ അതോറിറ്റിക്ക് തിരിച്ചടിയായി. മുരിങ്ങൂരിൽ റോഡ് തകർന്നതായി ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. എന്തുകൊണ്ടാണ് റോഡ് തകർന്നതെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. ആഴത്തിൽ കുഴിയെടുത്തതാണ് റോഡ് തകരാൻ കാരണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. പ്രശ്‌നം പരിഹരിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. വിഷയം അടുത്ത വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. അതുവരെ പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും.
Adjust Story Font
16

