'ഞാൻ ഇവിടെ വന്നിട്ട് നല്ലൊരു വീട്ടിൽ കിടന്നിട്ടില്ല'; അടച്ചുറപ്പില്ലാത്ത വീടില്ലാതെ ദുരിതത്തിൽ കഴിയുന്ന അയ്യപ്പൻ കുട്ടിക്ക് സഹായവുമായി പഞ്ചായത്ത്
അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തിനിടയിലും അയ്യപ്പൻകുട്ടിയുടെ ദുരിത ജീവിതം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു

കൊച്ചി: അടച്ചുറപ്പില്ലാത്ത വീടില്ലാതെ ദുരിതത്തിൽ കഴിയുന്ന കൊച്ചി കടുങ്ങല്ലൂർ സ്വദേശി അയ്യപ്പൻ കുട്ടിക്ക് സർക്കാർ സഹായം ലഭ്യമാക്കുമെന്ന് പഞ്ചായത്ത്. സഹായ ഹസ്തവുമായി പ്രാദേശിക കോൺഗ്രസ് നേതൃത്വവും രംഗത്തെത്തി. അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തിനിടയിലും അയ്യപ്പൻകുട്ടിയുടെ ദുരിത ജീവിതം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
ദരിദ്രരാണോ അതി ദരിദ്രരാണോയെന്നൊന്നും ഇവർക്കറിയില്ല. കടുങ്ങല്ലൂർ പഞ്ചായത്തിൽ കാരോത്തുകുന്നിലെ നിലം പൊത്താറായ വീട്ടിൽ സങ്കടങ്ങൾ ഉള്ളിലൊതുക്കി കഴിയുമ്പോഴും അടച്ചുറപ്പുള്ള വീടിനായുള്ള കാത്തിരിപ്പിലാണ് അയ്യപ്പൻകുട്ടിയും ഭാര്യ ലീലയും. കുടുംബ സ്വത്തായി കുറച്ച് ഭൂമിയുണ്ടെങ്കിലും വീടൊരുക്കാൻ സർക്കാർ സഹായമോ സുമനസുകളുടെ പിന്തുണയോ വേണം. പിതാവിൻ്റെ മരണ സർട്ടിഫിക്കറ്റോ മറ്റ് ആധികാരിക രേഖകളോ ഇല്ലാത്തതും പ്രതിസന്ധിയാണ്. തടസങ്ങൾ നീക്കുമെന്നാണ് പഞ്ചായത്തധികൃതരുടെ വിശദീകരണം.
സഹായ വാഗ്ദാനവുമായി കോൺഗ്രസ് നേതൃത്വവും രംഗത്തെത്തി.അതി ദരിദ്രരില്ലാത്ത സംസ്ഥാനമെന്ന സർക്കാർ പ്രഖ്യാപനം സജീവ ചർച്ചയാകുമ്പോഴും ഇങ്ങനെയും ചിലർ നമുക്കിടയിൽ ജീവിച്ചിരിപ്പുണ്ടെന്നതും യാഥാർഥ്യമാണ്.
Adjust Story Font
16

