Quantcast

'പന്തളം നഗരസഭ കൗണ്‍സില്‍ പിരിച്ച് വിടണം' തദ്ദേശ സ്വയം ഭരണ വകുപ്പിന് നഗരസഭാ സെക്രട്ടറിയുടെ കത്ത്

എന്നാല്‍ കത്തയച്ചതടക്കമുള്ള നീക്കങ്ങളെ നിയമപരമായി നേരിടുമെന്നും സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഉടന്‍ പ്രതിഷേധം ആരംഭിക്കുമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-09-11 03:41:01.0

Published:

11 Sep 2021 3:40 AM GMT

പന്തളം നഗരസഭ കൗണ്‍സില്‍ പിരിച്ച് വിടണം തദ്ദേശ സ്വയം ഭരണ വകുപ്പിന് നഗരസഭാ സെക്രട്ടറിയുടെ കത്ത്
X

പത്തനംതിട്ട പന്തളം നഗരസഭ കൗണ്‍സില്‍ പിരിച്ച് വിടണമെന്ന ആവശ്യവുമായി നഗരസഭാ സെക്രട്ടറി എസ്.ജയകുമാര്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന് കത്ത് നല്‍കി. നഗരസഭയിലെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ പോരായ്മകളും ബജറ്റ് അവതരണത്തിലെ അപാകതകളും ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറിയുടെ നടപടി. എന്നാല്‍ ഭരണസ്തംഭനം ലക്ഷ്യമിട്ടുള്ള സെക്രട്ടറിയുടെ നീക്കത്തെ നിയമ പരമായി നേരിടുമെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

ഹൈക്കോടതി ഉത്തരവോടെ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് നിലവിലെ ഭരണ സമിതിക്കെതിരെയുള്ള എസ് ജയകുമാറിന്‍റെ നീക്കം. സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില് ഭരണം മുന്നോട്ട് പോകുമ്പോഴും പന്തളം നഗരസഭയില്‍ പോരായ്മകള്‍ സംഭവിച്ചതായി ജയകുമാര്‍ പറയുന്നു. 1994ലെ കേരള മുന്‍സിപ്പാലിറ്റി ചട്ടങ്ങള്‍ പാലിക്കാതെയാണ് മാർച്ച് 22ന് ഭരണ സമിതി ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുമ്പ് ബജറ്റ് പാസാക്കാതിരുന്നതിലാണ് കൗണ്‍സിലിനെതിരെ കത്തയച്ചതെന്നും ജയകുമാര്‍ പറയുന്നു.

നിലവിലെ കൗൺസിൽ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയം ഭരണ വകുപ്പിന് സമര്‍പ്പിച്ച കത്തില്‍ തുടര്‍ നടപടികള്‍ക്കായി ഓംബുഡ്സ്മാന്‍റെ ഉപദേശം തേടിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. ദീര്‍ഘ നാളുകളായി സെക്രട്ട തസ്തികയില്‍ ഒഴിവുണ്ടായിരുന്ന പന്തളത്ത് ജൂലൈ രണ്ടിനാണ് ജയകുമാര് സ്ഥാനമേല്‍കുന്നത്. എന്നാല്‍ സ്ഥാനമേറ്റതിന് പിന്നാലെ ഇദ്ദേഹം നഗരസഭയില്‍ തുടര്ച്ചയായി ഭരണ സ്തഭനത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് ബി.ജെ.പി ഉന്നയിക്കുന്ന ആരോപണം. കത്തയച്ചതടക്കമുള്ള നീക്കങ്ങളെ നിയമപരമായി നേരിടുമെന്നും സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഉടന്‍ പ്രതിഷേധം ആരംഭിക്കുമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

TAGS :

Next Story