പാപ്പനംകോട് തീപിടിത്തം; ബിനുകുമാർ സ്ഥാപനത്തിലെത്തിയതിന് തെളിവ്
മരിച്ച രണ്ടാമത്തെയാൾ ബിനുകുമാർ ആണെന്ന നിഗമനത്തിലാണ് പൊലീസ്

തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫിസിൽ തീപിടിത്തത്തിൽ മരിച്ച വൈഷ്ണയുടേത് കൊലപാതകമെന്ന് നിഗമനം. രണ്ടാം ഭർത്താവ് ബിനു വൈഷ്ണയെ തീ കൊളുത്തി കൊന്നെന്നാണ് നിഗമനം. തീകൊളുത്താൻ മണ്ണെണ്ണയോ ടർപ്പന്റൈനോ ഉപയോഗിച്ചെന്നും പൊലീസ് അറിയിച്ചു. വൈഷ്ണ വിവാഹമോചനത്തിനൊരുങ്ങിയത് വൈരാഗ്യത്തിന് കാരണമായേക്കാമെന്നും നിഗമനം.
അതിനിടെ, രണ്ടാം ഭർത്താവ് ബിനുകുമാർ സ്ഥാപനത്തിലെത്തിയതിന് തെളിവ് ലഭിച്ചു. സ്ഥാപനത്തിന്റെ താഴെ വരെയെത്തുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. മരിച്ച രണ്ടാമത്തെയാൾ ബിനുകുമാർ ആണെന്ന നിഗമനത്തിലാണ് പൊലീസ്.
പാപ്പനംകോട് ന്യൂ ഇന്ത്യാ അഷ്വറൻസ് ഓഫിസിലാണ് ചൊവ്വാഴ്ച ഉച്ചക്ക് തീപിടത്തമുണ്ടാകുന്നത്. രാവിലെ ഒരാൾ സ്ഥാപനത്തിലെത്തി ബഹളം സൃഷ്ടിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തീപിടിത്തത്തിൽ രണ്ട് പേരാണ് മരണപ്പെട്ടത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനം പൂർണമായും കത്തിനശിച്ചു. ഇൻഷുറൻസ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുകയായിരുന്നു വൈഷ്ണ. 15 വർഷത്തോളമായി സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
Adjust Story Font
16

