പോറ്റിപ്പാട്ടിൽ യു ടേണടിച്ച് സര്‍ക്കാര്‍; കേസ് പിൻവലിച്ചേക്കും
മെറ്റക്ക് കത്തയക്കാനുള്ള തീരുമാനം പിൻവലിക്കും

തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാരഡിപ്പാട്ടിനെതിരായ കേസ് പിൻവലിക്കാൻ സർക്കാർ. പാരഡിപ്പാട്ടിൽ പുതിയ കേസെടുക്കേണ്ടതില്ലെന്നും എഡിജിപി എച്ച്. വെങ്കിടേഷിന് സർക്കാർ നിർദേശം നൽകി. പാട്ടിന്‍റെ ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മെറ്റയ്ക്ക് കത്ത് നൽകി.
പാരഡിപ്പാട്ടിൽ കേസെടുത്ത് 48 മണിക്കൂറിനകമാണ് സർക്കാരിന്‍റെ യു ടേൺ. നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിന്‍റെ തുടർനടപടികളുമായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് തീരുമാനം. പ്രതികൾക്ക് ഉടൻ നോട്ടീസ് അയക്കില്ല. വിവാദം കെട്ടടങ്ങിയ ശേഷം കേസിൽ നിന്ന് പിന്മാറാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. ഇനി പുതിയ പരാതികൾ വന്നാലും പൊലീസ് കേസെടുക്കേണ്ടതില്ലെന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ വീഡിയോ പിൻവലിക്കുന്നതിന് മെറ്റക്ക് ഉൾപ്പെടെ കത്ത് അയക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ നിന്ന് പാട്ട് നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവും രംഗത്തെത്തിയിരുന്നു.
അയ്യപ്പഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും പാട്ട് ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പൊലീസിൽ പരാതി നൽകിയത്. പാട്ടിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ കേസ് എടുത്തതിന് പിന്നാലെ വ്യാപകമായ വിമർശനവും സർക്കാരിനെതിരെ ഉയരുകയും ചെയ്തിരുന്നു.
Adjust Story Font
16

