Quantcast

യൂത്ത് ലീഗ് ദേശീയ നേതാവിന്റേത് രാഷ്ട്രീയ ദുഷ്ടലാക്ക്: പി.ഡി.പി

'ഇന്ത്യാ രാജ്യത്ത് ഫാസിസത്തിന്റെ അടിവേരറുക്കാൻ പോന്ന അവർണന് അധികാരം, മർദിതർക്ക് മോചനം എന്ന മുദ്രാവാക്യമുയർത്തി ദലിത് - മുസ്‌ലിം - പിന്നാക്ക സമുദായ ഐക്യം സൃഷ്ടിച്ചതിനാണ് കള്ളക്കേസിൽ കുടുക്കി മഅദനിയെ ജയിലിലടച്ചിരിക്കുന്നത്'

MediaOne Logo

Web Desk

  • Published:

    12 Nov 2022 9:47 AM GMT

യൂത്ത് ലീഗ് ദേശീയ നേതാവിന്റേത് രാഷ്ട്രീയ ദുഷ്ടലാക്ക്: പി.ഡി.പി
X

കോഴിക്കോട്: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅദനിയെ നിന്ദിച്ചും പരിഹസിച്ചും പ്രസംഗിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റിന്റെ പുതിയ വിശദീകരണം രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് തിക്കോടി. നെടുങ്കൻ വിശദീകരണത്തിലെവിടെയും നിന്ദാ പരാമർശത്തിൽ ഒരു ഖേദപ്രകടനം പോലുമില്ല. മാത്രമല്ല, മഅദനിയുടെ ശത്രു പി.ഡി.പിയാണെന്ന ലീഗ് പ്രചാരണം ആവർത്തിക്കുകയാണ് ചെയ്യുന്നത്. നാളിതുവരെ ഒരു ലീഗ് നേതാവും പറയാത്ത നിലയിൽ മഅദനിക്ക് എന്നെന്നേക്കുമായി രക്ഷപ്പെടാനുള്ള കളമൊരുങ്ങിയപ്പോൾ അദ്ദേഹത്തിന്റെ കൂടെയുള്ളവർ അത് മുടക്കിയതിന്റെ വിശദാംശങ്ങൾ തന്റെ കയ്യിലുണ്ടെന്നും അവകാശപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് ആർജ്ജവമുണ്ടെങ്കിൽ, പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ ആ വിശദാംശങ്ങൾ പുറത്തു വിടാൻ തയ്യാറാവണമെന്നും നൗഷാദ് തിക്കോടി ആവശ്യപ്പെട്ടു.

ഇന്ത്യാ രാജ്യത്ത് ഫാസിസത്തിന്റെ അടിവേരറുക്കാൻ പോന്ന അവർണന് അധികാരം, മർദിതർക്ക് മോചനം എന്ന മുദ്രാവാക്യമുയർത്തി ദലിത് - മുസ്‌ലിം - പിന്നാക്ക സമുദായ ഐക്യം സൃഷ്ടിച്ചതിനാണ് കള്ളക്കേസിൽ കുടുക്കി മഅദനിയെ ജയിലിലടച്ചിരിക്കുന്നത്. മഅദനിയുടെ പ്രസംഗങ്ങൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കി എന്നത് പി.ഡി.പി.യുടെ പിറവി മുതൽ ലീഗ് ഉന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണമാണ്. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ മഅദനിക്കെതിരെ നൂറോളം കേസുകൾ യു.ഡി.എഫ് സർക്കാർ എടുത്തിരുന്നു. എന്നാൽ ഇതിലൊന്നും സത്യമില്ലെന്നു കണ്ട് കോടതികൾ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. എന്നിട്ടും പഴകി തേഞ്ഞ ആരോപണങ്ങൾ ലജ്ജയില്ലാതെ ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മഅദനിക്കും കുടുംബത്തിനുമെതിരെയുള്ള നീചമായ പരാമർശങ്ങളിൽ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത്തരം പരാമർശങ്ങൾ പാണക്കാട് കുടുംബം അംഗീകരിക്കില്ലെന്നാണ് തങ്ങളുടെ വിശ്വാസം. വിടുവായിത്തങ്ങൾ ഒഴിവാക്കി മാന്യമായ രാഷ്ട്രീയ പ്രവർത്തനം നടത്താൻ യൂത്ത് ലീഗ് തയ്യാറാവണമെന്നും നൗഷാദ് ആവശ്യപ്പെട്ടു.

TAGS :

Next Story