Quantcast

പേരാവൂര്‍ ചിട്ടി തട്ടിപ്പ്; സഹകരണ സംഘത്തിന് മുന്നില്‍ നിക്ഷേപകരുടെ സത്യാഗ്രഹം

ബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന് സെക്രട്ടറി നിലപാടെടുത്തതോടെയാണ് നിക്ഷേപകര്‍ സമരം ശക്തമാക്കിയത്.

MediaOne Logo

Web Desk

  • Published:

    11 Oct 2021 7:47 AM GMT

പേരാവൂര്‍ ചിട്ടി തട്ടിപ്പ്; സഹകരണ സംഘത്തിന് മുന്നില്‍ നിക്ഷേപകരുടെ സത്യാഗ്രഹം
X

കണ്ണൂര്‍ പേരാവൂരിലെ സഹകരണ സംഘത്തിന് മുന്നില്‍ നിക്ഷേപകര്‍ റിലെ നിരാഹാര സമരം തുടങ്ങി. ബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന് സെക്രട്ടറി നിലപാടെടുത്തതോടെയാണ് നിക്ഷേപകര്‍ സമരം ശക്തമാക്കിയത്. ഭരണ സമിതിക്കും സെക്രട്ടറിക്കുമെതിരെ നിയമ നടപടി തുടരുമെന്നും നിക്ഷേപകര്‍ അറിയിച്ചു.

ഒക്ടോബര്‍ ഒന്നിന് പൊലീസിന്‍റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ആറുമാസത്തിനകം ചിട്ടി തുക തിരികെ നല്‍കുമെന്ന് നിക്ഷേപകര്‍ക്ക് സെക്രട്ടറി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, പിന്നാലെ സെക്രട്ടറി നിലപാട് മാറ്റി. ഭരണ സമിതി എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു സെക്രട്ടറിയുടെ നിലപാട്.

ക്രമക്കേടിന്‍റെ ഉത്തരവാദി സെക്രട്ടറിയാണന്ന മുന്‍നിലപാടില്‍ ഭരണ സമിതിയും സി.പി.എമ്മും ഉറച്ച് നില്‍ക്കുക കൂടി ചെയ്തതോടെ നിക്ഷേപകര്‍ സമരം ശക്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്നുരാവിലെ മുതല്‍ പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകര്‍ റിലേ നിരാഹാര സമരം ആരംഭിച്ചത്.

സമര സമിതി കണ്‍വീനര്‍ സിബി മേച്ചേരിയാണ് ഇന്ന് സത്യാഗ്രഹം ആരംഭിച്ചത്. രാവിലെ 10 മണി മുതല്‍ ഓഫീസ് സമയം അവസാനിക്കും വരെയാണ് സമരം. ഇതിനിടെ ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ സെക്രട്ടറി പി.വി ഹരിദാസില്‍ നിന്നും ഇന്ന് മൊഴിയെടുക്കുകയും ചെയ്തു.

TAGS :

Next Story