Quantcast

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്; പോസ്റ്റൽ ബാലറ്റിൽ അട്ടിമറി ആരോപണവുമായി ഇരുസ്ഥാനാർഥികളും

സാധുവായ പോസ്റ്റൽ വോട്ടുകളിൽ ചിലത് നഷ്ടമായെന്നാണ് സബ് കലക്ടർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്

MediaOne Logo

Web Desk

  • Updated:

    2023-01-20 01:41:25.0

Published:

20 Jan 2023 1:02 AM GMT

postal ballot
X

പോസ്റ്റല്‍ ബാലറ്റ്

മലപ്പുറം: പെരിന്തൽമണ്ണ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റുകളിൽ ചിലത് നഷ്ടമായെന്ന സബ് കലക്ടറുടെ റിപ്പോർട്ട് അട്ടിമറി സൂചനയെന്ന് നജീബ് കാന്തപുരവും കെ.പി.എം മുസ്തഫയും. സാധുവായ പോസ്റ്റൽ വോട്ടുകളിൽ ചിലത് നഷ്ടമായെന്നാണ് സബ് കലക്ടർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്. ഇത് കേസിനെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്ന് കെ പി എം മുസ്തഫയും സംഭവങ്ങളിൽ മാഫിയാ ബന്ധം സംശയിക്കുന്നതായി നജീബ് കാന്തപുരവും പറഞ്ഞു. തപാൽവോട്ട് അടങ്ങിയ പെട്ടി ട്രഷറിയിൽ നിന്ന് കാണാതായതിൽ മലപ്പുറം ജില്ലാ കലക്ടറുടെ അന്വേഷണം തുടരുകയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് കലക്ടർ നൽകിയ കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടി ഇനിയും ലഭിച്ചിട്ടില്ല. ഈ മറുപടിക്ക് ശേഷമാകും ജില്ലാ കലക്ടറുടെ തുടർനടപടികൾ.

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ മൂന്ന് ടേബിളിൽ ഒരു ടേബിളിലെ ബാലറ്റ് നഷ്ടമായെന്നാണ് സബ് കലക്ടറുടെ റിപ്പോർട്ട്. ടേബിൾ നമ്പർ അഞ്ചിലെ ബാലറ്റുകളാണ് കാണാതായത്. ബാലറ്റ് പെട്ടികൾ തുറന്ന നിലയിലായിരുന്നുവെന്നും ഹൈക്കോടതിക്ക് നൽകിയ സബ്കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ബോക്‌സിന്റെ വലിപ്പമടക്കം വിശദമായ റിപ്പോർട്ടാണ് സബ് കലക്ടര്‍ സമർപ്പിച്ചത്. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ച സ്പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടിയാണ് കാണാതായത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മലപ്പുറത്തെ ജില്ലാ സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെടുത്തത്.

സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ട് ഓഫീസുകളിലെ നാലു ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെയും പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെയും ബാലറ്റുകൾ പെരിന്തൽമണ്ണ സബ് ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്.



TAGS :

Next Story