Quantcast

ഓഫർ തട്ടിപ്പ് : നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരെ കേസ് എടുത്ത് പെരിന്തല്‍മണ്ണ പൊലീസ്

സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2025-02-07 12:42:31.0

Published:

7 Feb 2025 4:28 PM IST

ഓഫർ തട്ടിപ്പ് : നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരെ കേസ് എടുത്ത് പെരിന്തല്‍മണ്ണ പൊലീസ്
X

പാലക്കാട്: ഓഫർ തട്ടിപ്പ് കേസിൽ നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. പുലാമന്തോൾ സ്വദേശിയുടെ പരാതിയിലാണ് കേസ്. കായംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് CPM വനിതാ നേതാക്കൾ പ്രതിയാണ്.

പകുതിവിലയ്ക്ക് സ്‌കൂട്ടറും വീട്ടുപകരണങ്ങളും നല്‍കുന്ന തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എം.എല്‍.എയായ നജീബിന് പങ്കുണ്ടെന്ന് സിപിഎം നേതാവ് സരിൻ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.നജീബ് തന്‍റെ സംഘടനയിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തി നൽകിയെന്ന് സരിൻ ആരോപിച്ചു. കോർപ്പറേറ്റുകളിൽ നിന്നും ഭീമമായ തുക സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനും നജീബ് കാന്തപുരം മുദ്ര ഫൗണ്ടേഷനെ ഉപയോഗിച്ചു. കൂടുതൽ തെളിവുകൾ ഇതിൽ പുറത്ത് വരുമെന്നും സരിൻ പറഞ്ഞിരുന്നു.

താനും ഓഫർ തട്ടിപ്പിന്റെ ഇരയാണെന്നായിരുന്നു നജീബ് കാന്തപുരത്തിന്റെ വിശദീകരണം. സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങൾ പറ്റിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ പരിപാടികളിൽ എംഎൽഎമാരും മന്ത്രിമാരും പങ്കെടുത്തിട്ടുണ്ട്. അവർ കുറ്റവാളികൾ ആണെന്ന് അറിഞ്ഞുകൊണ്ടല്ല പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.സിഎസ്ആര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിലെ നജീബിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ ഇന്ന് മാർച്ച് നടത്തിയിരുന്നു.

അതിനിടെ, ഓഫർ തട്ടിപ്പ് കേസിൽ ബിജെപി സംസ്ഥാന വൈസ് പ്രഡസിഡന്റ് എ.എൻ രാധാകൃഷ്ണനെ പിന്തുണച്ച് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത് വന്നു. എ.എൻ രാധാകൃഷ്ണനെ സംശയിക്കേണ്ട യാതൊന്നും ഇപ്പോഴില്ല. എ.എൻ രാധാകൃഷ്ണന്റെ ട്രസ്റ്റിന് ബിജെപിയുമായി ബന്ധമില്ല. കാര്യങ്ങൾ എ.എൻ രാധാകൃഷ്ണൻ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

TAGS :

Next Story