എമ്പുരാന്‍റെ പ്രദര്‍ശനം തടയണം; ഹൈക്കോടതിയിൽ ഹരജി
ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി അംഗമാണ് ഹരജി നൽകിയത്

കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി അംഗമാണ് ഹരജി നൽകിയത്. സിനിമയിൽ മതവിദ്വേഷ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
എമ്പുരാൻ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാം ബിസിനസ് ആണെന്നും ആളുകളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.
അതേസമയം വിവാദങ്ങളും വിമർശനങ്ങളും തുടരുന്നതിനിടെ എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് ഇന്ന് പുറത്തിറങ്ങും. 3 മിനിറ്റാണ് സിനിമയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് ആറാം ദിവസമായപ്പോഴേക്കും സിനിമ 200 കോടിയിലധികം നേടിയതായി അണിയറ പ്രവർത്തകർ വ്യക്തമാക്കി.
തിരക്കഥാകൃത്ത് അടക്കമുള്ള അണിയറ പ്രവർത്തകരുടെ അതൃപ്തിക്കിടയിലാണ് എമ്പുരാൻ എഡിറ്റഡ് പതിപ്പ് തീയേറ്ററുകളിലേക്ക് എത്തുന്നത്. വിവാദ വിഷയങ്ങൾ പരാമർശിക്കുന്ന ആദ്യ 20 മിനിറ്റിലാകും കട്ട് വീഴുക. പ്രതിനായകന്‍റെ പേരടക്കം മാറ്റി മൂന്നു മിനിറ്റ് നീക്കം ചെയ്താകും സിനിമ ഇനി പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് സൂചന. വിവാദങ്ങൾക്കിടയിലും സിനിമ ഇതുവരെ 200 കോടിയിലധികം കലക്ഷൻ നേടിയെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. എഡിറ്റ് ചെയ്യുന്നതിന് മുൻപേ സിനിമ കാണാനായി വലിയ തിരക്കാണ് തിയറ്ററുകളിൽ രണ്ടുദിവസമായി അനുഭവപ്പെട്ടത്.
അതിനിടെ പൃഥ്വിരാജിനും മോഹൻലാലിനും പിന്തുണയുമായി രാഷ്ട്രീയ സിനിമാരംഗത്തെ നിരവധി പേർ എത്തി. വിമർശനങ്ങൾക്കിടെ താരങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ പ്രതിഷേധാർഹം ആണെന്നും എല്ലാ ചലച്ചിത്ര പ്രവർത്തകരെയും ചേർത്തുനിർത്തുന്നുവെന്നും ഫെഫ്ക വ്യക്തമാക്കി. അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പ്രതികരിച്ചിട്ടില്ല.
Adjust Story Font
16

