Quantcast

ശുചിമുറി തുറന്ന് നൽകിയില്ല; അധ്യാപികയുടെ പരാതിയിൽ പെട്രോൾ പമ്പിന് 1.65 ലക്ഷം രൂപ പിഴ

താക്കോൽ മാനേജരുടെ കയ്യിലാണെന്നും അദ്ദേഹം വീട്ടിൽ പോയി എന്നുമായിരുന്നു മറുപടി. വീണ്ടും വീണ്ടും ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. തുടർന്ന് പയ്യോളി പൊലീസിനെ വിവരമറിയിക്കുകയും പൊ​ലീസെത്തി ബലമായി തുറന്നു നൽകുകയുമായിരുന്നു

MediaOne Logo

Web Desk

  • Published:

    8 April 2025 4:07 PM IST

ശുചിമുറി തുറന്ന് നൽകിയില്ല; അധ്യാപികയുടെ പരാതിയിൽ പെട്രോൾ പമ്പിന് 1.65 ലക്ഷം രൂപ പിഴ
X

പത്തനംതിട്ട: ശുചിമുറി തുറന്നു കൊടുക്കാത്ത പെട്രോൾ പമ്പിനെതിരെ നിയമ പോരാട്ടം നടത്തി വിജയിച്ചിരിക്കുകയാണ് പത്തനംതിട്ട സ്വദേശിനിയായ അധ്യാപിക. പത്തനംതിട്ട ഏഴംകുളം സ്വദേശി എൽ ജയകുമാരിയാണ് ഉപഭോക്തൃ കോടതിയിൽ സ്വയം വാദിച്ച് ​കോഴിക്കോട് പയ്യോളിയിലെ പെട്രോൾ പമ്പിന് 1.65 ലക്ഷം രൂപ പിഴ ഈടാക്കിച്ചത്.

2024 മേയ് എട്ട് രാത്രി 11 മണിക്കാണ് സംഭവം. കാസർകോട് നിന്നും പത്തനംതിട്ടയിലേക്ക് വരുന്ന വഴിയാണ് പയ്യോളിയിലെ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ കയറിയത്. പൂട്ടിയിട്ടിരുന്ന ശുചിമുറിയുടെ താക്കോൽ ആവശ്യപ്പെട്ടപ്പോൾ പമ്പ് ജീവനക്കാർ നൽകാൻ വിസമ്മതിച്ചു. താക്കോൽ മാനേജരുടെ കയ്യിലാണെന്നും അദ്ദേഹം വീട്ടിൽ പോയി എന്നുമായിരുന്നു മറുപടി. വീണ്ടും വീണ്ടും ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. തുടർന്ന് പയ്യോളി പൊലീസിനെ വിവരമറിയിക്കുകയും പൊ​ലീസെത്തി ബലമായി തുറന്നു നൽകുകയുമായിരുന്നു.

തുടർന്ന് ജയകുമാരി ടീച്ചറെ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചു. കമ്മീഷൻ ഇരുകൂട്ടരെയും വിളിച്ച് വിസ്തരിക്കുകയും ചെയ്തു. തുടർന്ന് ചട്ടങ്ങൾ പ്രകാരമല്ല പമ്പ് പ്രവർത്തിക്കുന്നതെന്നും രാത്രി ഒരു സ്ത്രീക്ക് ഉണ്ടായ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ വിലയിരുത്തിയും പിഴ ചുമത്തുകയായിരുന്നു. ഒരു ലക്ഷത്തി അമ്പതിനായിരം രൂപ പിഴയും 15,000 രൂപ കോടതി ചെലവും ചേർത്ത് പമ്പ് ഉടമ ആകെ 165,000 രൂപ പിഴ അടയ്ക്കണം. ശുചിമുറി വൃത്തിഹീനമാണെന്ന് കളവു പറഞ്ഞ ജീവനക്കാരുടെ നടപടിയും രാത്രി ഒരു സ്ത്രീയോട് കാണിച്ച നിരുത്തരവാദപരമായ സമീപനവും ആണ് നിയമ പോരാട്ടത്തിലേക്ക് നയിച്ചതെന്ന് ജയകുമാരി ടീച്ചർ പറയുന്നു.

TAGS :

Next Story