കുട്ടി നാടോടി ദമ്പതികളുടേത് തന്നെ; പേട്ടയിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഡി.എൻ.എ ഫലം പുറത്ത്
കുട്ടിയുടെ കൂടെയുള്ളത് യഥാർത്ഥ അച്ഛനും അമ്മയും തന്നെയാണെന്നാണ് ഫലം. അതിനാല്‍ കുട്ടിയെ വിട്ടുനൽകുന്നതിന് ഇനി തടസ്സങ്ങളില്ലെന്ന് പൊലീസ്.

തിരുവനന്തപുരം: പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ടു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ ഡി.എന്‍.എ പരിശോധന ഫലം പൊലീസിന് ലഭിച്ചു.
കുട്ടിയുടെ കൂടെയുള്ളത് യഥാർത്ഥ അച്ഛനും അമ്മയും തന്നെയാണെന്നാണ് ഫലം. അതിനാല്‍ കുട്ടിയെ വിട്ടുനൽകുന്നതിന് ഇനി തടസ്സങ്ങളില്ലെന്ന് പൊലീസ് വ്യക്തമാക്കി. നാളെത്തന്നെ കുട്ടിയെ വിട്ടുകൊടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും പൊലീസ് അറിയിച്ചു.
കുട്ടിക്ക് തിരിച്ചറിയൽ രേഖ വേണമെന്ന് മാതാപിതാക്കളോട് പൊലീസ് പറഞ്ഞിട്ടുണ്ട്. കുട്ടിയുടെ സുരക്ഷയ്ക്ക് വേണ്ട മാർഗനിർദേശങ്ങൾ മാതാപിതാക്കൾക്ക് നൽകിയെന്നും പൊലീസ് അറിയിച്ചു.
നിലവിൽ സിഡബ്ല്യുസിയിയുടെ സംരക്ഷണയിലാണ് രണ്ടു വയസുകാരിയും സഹോദരങ്ങളും കഴിയുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻ ഇന്നലെ രാവിലെ കൊല്ലത്ത് നിന്നാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. തിരുവനന്തപുരം നാവായിക്കുളത്താണ് പ്രതി ഹസൻ താമസിക്കുന്നത്. പോക്സോ കേസ് പ്രതിയാണ് ഇയാൾ.
ജയിലിൽ നിന്നിറങ്ങി രണ്ടാം മാസമാണ് ഇയാൾ പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിക്കുകയും പിന്നീട് കുഞ്ഞിന്റെ ബോധം മറഞ്ഞതോടെ കുഞ്ഞിനെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം 19ന് ചാക്കയിലെ റോഡരികിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടിയെ കാണാതായത്. 19 മണിക്കൂറിലേറെ നീണ്ട തെരച്ചിലിനൊടുവിൽ 500 മീറ്റർ അകലെ, ആറടിയിലേറെ ആഴമുള്ള ഓടയിൽ ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. തേൻ വിൽപനയ്ക്കായി കേരളത്തിലെത്തിയതാണ് ബിഹാർ സ്വദേശികളായ ദമ്പതികൾ. കുട്ടി ഇവരുടെത് തന്നെയാണോ എന്നു തിരിച്ചറിയാനാണ് ഡി.എൻ.എ പരിശോധന നടത്തിയത്.
Adjust Story Font
16


