തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കുന്നത് അപാകതയുള്ള തെരഞ്ഞെടുപ്പ് പട്ടികയെന്ന് പിണറായി വിജയൻ
കരട് വോട്ടർ പട്ടികയിൽ നിന്ന് 25 ലക്ഷം പേർ പുറത്തുപോയെന്ന വാർത്ത ആശങ്ക ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കുന്നത് അപാകതയുള്ള തെരഞ്ഞെടുപ്പ് പട്ടികയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരട് വോട്ടർ പട്ടികയിൽ നിന്ന് 25 ലക്ഷം പേർ പുറത്തുപോയെന്ന വാർത്ത ആശങ്ക ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവർ, താമസം മാറിയവർ തുടങ്ങിയവർക്ക് പുറമേ 'മറ്റുള്ളവർ' എന്ന നിലയിലും ഒഴിവാക്കൽ നടക്കുന്നു. മറ്റുള്ളവർ ആര് എന്ന കാര്യത്തിൽ കമ്മീഷൻ തന്നെ വ്യക്തതയില്ല. വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കിയത് തിടുക്കത്തിൽ. സുപ്രീംകോടതി വിധി അനുസരിച്ച് അനാവശ്യ തിടുക്കം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അപാകതകൾ നിറഞ്ഞ പട്ടികയാണ് തയ്യാറാവുന്നത് എന്ന കാര്യത്തിൽ സംശയമില്ല. സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്യപ്പെടേണ്ടതല്ല സമ്മതിദാനാവകാശം. അത് ജനാധിപത്യ സമൂഹത്തിൽ പ്രായപൂർത്തിയായ പൗരന് ഉറപ്പാക്കേണ്ട അവകാശമാണ്. അത് നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
വേണ്ടത്ര സുതാര്യതയില്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടിയാകെ നടപ്പിലാക്കിയത്. 2025 സെപ്തംബറിൽ നടന്ന സ്പെഷ്യൽ സമ്മറി റിവിഷനിൽ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്ന അർഹതയുള്ള ഒരു വോട്ടർ പോലും എസ്ഐആർ പ്രകാരം പുതുക്കിയ പട്ടികയിൽ നിന്നും പുറന്തള്ളപ്പെടില്ല എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തണമെന്നും ആവശ്യം. സംസ്ഥാനത്തെ അർഹരായ വോട്ടർമാരിൽ അവസാനത്തെ ആളെവരെ വോട്ടർ പട്ടികയിൽ ഉൾപ്പടുത്തുന്നതിനുള്ള നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണം. അതിനുവേണ്ടി എല്ലാ നടപടിയും സംസ്ഥാന സർക്കാർ സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് സുപ്രീം കോടതിയിൽ കേരള സർക്കാർ കേസ് ഫയൽ ചെയ്തതെന്നും പിണറായി വിജയൻ.
Adjust Story Font
16

