മുന്നണി മാറ്റ ചർച്ച: ജോസ് കെ. മാണിയുടെ വിമർശനത്തിൽ കടുത്ത അതൃപ്തിയുമായി പി.ജെ ജോസഫ്
മുന്നണിയെ ശക്തിപ്പെടുത്തുന്ന ഒരു നീക്കത്തിനും കേരള കോൺഗ്രസ് എതിരല്ലെന്നും എന്നാൽ പ്രയോഗിക്കുക രാഷ്ട്രീയത്തിൽ മാണി ഗ്രൂപ് വരുന്നത് മുന്നണിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്റ്റേറ്റ് കോർഡിനേറ്റർ അപു ജോസഫ് മീഡിയവണിനോട് പറഞ്ഞു

കോട്ടയം: മുന്നണി മാറ്റ ചർച്ചകളെ തുടർന്ന് ജോസ് കെ മാണി രൂക്ഷ വിമർശനം ഉയർത്തിയതോടെ കടുത്ത അതൃപ്തിയിൽ പി.ജെ ജോസഫ്. കണക്കുകളെ വളച്ചൊടിച്ച് ചിത്രീകരിക്കാനാണ് ജോസ് കെ മാണി ശ്രമിക്കുന്നതെന്നാണ് പി.ജെ ജോസഫ് വിഭാഗത്തിന്റെ അഭിപ്രായം. ഇനിയും ജോസ് കെ മാണിയെ സ്വാഗതം ചെയ്യുന്ന നിലപാട് ആവർത്തിക്കരുതെന്ന് പി.ജെ ജോസഫ് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കും.
പരിഹാസ രൂപേണയുള്ള പ്രതികരണമാണ് ഇന്നലെ ജോസ് കെ മാണി നടത്തിയത്. പരുന്തിന് മുകളിലിരിക്കുന്ന കുരുവിയാണ് ജോസഫ് എന്നായിരുന്നു ജോസ് കെ മാണിയുടെ പരാമർശം. എന്നാൽ അതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കേണ്ടതില്ല എന്ന നിലപാടിലാണ് പി.ജെ ജോസഫ്. എങ്കിലും തന്റെ അതൃപ്തി ജോസഫ് മുന്നണിയെ അറിയിക്കും.
ആയിരത്തോളം സീറ്റിൽ മത്സരിച്ച് 25 ശതമാനം പോലും സീറ്റിൽ ജയിക്കാത്ത ഒരു പാർട്ടി 640 ഓളം സീറ്റിൽ മത്സരിച്ച് 340 ഓളം സീറ്റിൽ ജയിച്ച ഒരു പാർട്ടിയെ കുറിച്ച് അഭിപ്രായം പറയുമ്പോൾ അതിന്റെ യാഥാർഥ്യത്തെ കുറിച്ച് ആലോചിക്കണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്റ്റേറ്റ് കോർഡിനേറ്റർ അപു ജോൺ ജോസഫ് പറഞ്ഞു. കോട്ടയം ജില്ലയിൽ തന്നെ 120 ഓളം സീറ്റിലാണ് പാർട്ടി നേരിട്ട് മത്സരിച്ചതെന്നും അതിൽ തന്നെ ഏകദേശം 68 ശതമാനത്തോളം വിജയം സ്വന്തമാക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
മുന്നണിയെ ശക്തിപ്പെടുത്തുന്ന ഒരു നീക്കത്തിനും കേരള കോൺഗ്രസ് എതിരല്ലെന്നും എന്നാൽ പ്രയോഗിക്കുക രാഷ്ട്രീയത്തിൽ മാണി ഗ്രൂപ് വരുന്നത് മുന്നണിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്നും അപു ജോസഫ് മീഡിയവണിനോട് പറഞ്ഞു. മുന്നണിയിൽ ഇപ്പോൾ സമാധാനമുണ്ടെന്നും മാണി ഗ്രൂപ് വന്നുകഴിഞ്ഞാൽ സീറ്റുകളിൽ തർക്കം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

